Enter your Email Address to subscribe to our newsletters

New delhi, 16 ഒക്റ്റോബര് (H.S.)
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം യഥാര്ഥത്തില് 'ഭരണമാറ്റത്തിനായുള്ള' പോരാട്ടമാണെന്ന മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനയെ ആയുധമാക്കി ബിജെപി. വിദേശ ശക്തികളുടെ സഹായത്തോടെ ഇന്ത്യയില് അസ്ഥിരതയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും 'ഭരണമാറ്റം' എന്ന ആവശ്യത്തിലൂടെ തങ്ങളുടെ യഥാര്ഥ അജണ്ട അവര് തന്നെ തുറന്നുകാട്ടിയെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന് നിതിന് നബീന് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്ക്കാരിനെ ജനവിധിയില്ലാതെ പുറത്താക്കാനാണ് പ്രക്ഷോഭകര് ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങള് നടപ്പാക്കുന്നതിനേക്കാള് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയാണ് ഈ സമരത്തിന്റെ പ്രധാന ലക്ഷ്യം. 'ഭരണമാറ്റം' എന്ന പദപ്രയോഗത്തിലൂടെ പ്രതിപക്ഷത്തിന്റെ യഥാര്ഥ ലക്ഷ്യം രാജ്യത്തിന് മുന്നില് വ്യക്തമായതായി നിതിന് നബീന് പറഞ്ഞു.
വിദേശ സഹായത്തോടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഈ ശ്രമങ്ങള് 'അര്ബന് നക്സലുകളുടെ' അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടം തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്ക്കോ എസ്.ഐ.ആറിനോ രാജ്യത്തെ യുവാക്കളുടെ ഭാവിക്കോ വേണ്ടിയുള്ളതല്ലെന്നും അരാജകത്വം പരത്തി ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ജനാധിപത്യത്തില് അധികാരത്തിലേക്കുള്ള വഴി അരാജകത്വത്തിലൂടെയല്ല, മറിച്ച് ജനവിധിയിലൂടെയാണ് കടന്നുപോകുന്നത്' എന്ന് നബീന് വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തെ ദുര്ബലപ്പെടുത്താനുള്ള ഒരു നീക്കവും വിജയിക്കാന് ബി.ജെ.പിയും രാജ്യത്തെ രാജ്യസ്നേഹികളായ പൊതുജനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വ്യാഴാഴ്ച ന്യൂഡല്ഹിയില് കോക്രോച്ച് ജനതാ പാര്ട്ടി (സി.ജെ.പി) സ്ഥാപകന് അഭിജിത് ദിപ്കെ, വിദ്യാര്ഥി സംഘടനാ നേതാക്കള്, സാമൂഹിക പ്രവര്ത്തകര് എന്നിവര്ക്കൊപ്പം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ 'ഭരണമാറ്റ' നടത്തിയത്.
---------------
Hindusthan Samachar / Sreejith S