Enter your Email Address to subscribe to our newsletters

Newdelhi , 16 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: തലസ്ഥാനത്ത് വനിതാ എൻഎസ്യുഐ പ്രവർത്തകർക്കുനേരെ ഡൽഹി പൊലീസ് നടത്തിയ ക്രൂരമർദനത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം. സിപിഐ നേതാവ് ആനി രാജ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ ജെബി മേത്തർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും രാത്രി മുഴുവൻ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുലർച്ചെവരെ നീണ്ടുനിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് നേതാക്കളെയും പ്രവർത്തകരെയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു നീക്കി.
ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ മലയാളി വിദ്യാർഥിനിയും എൻഎസ്യുഐ പ്രവർത്തകയുമായ ആതിര ഉൾപ്പെടെയുള്ള വനിതാ നേതാക്കൾക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അതിക്രമം നേരിട്ടതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ അധികൃതർ തയാറായില്ലെന്ന് എൻഎസ്യുഐ ആരോപിച്ചു.
ആതിരയുടെ പരാതിയിൽ കേരളത്തിൽ ഇതിനകം സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതിനാൽ ഡൽഹിയിൽ പ്രത്യേകമായി കേസെടുക്കേണ്ടതില്ലെന്നുമാണ് പൊലീസ് സ്വീകരിച്ച വിചിത്രമായ നിലപാടെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. സ്റ്റേഷൻ പരിധിയുടെ പേരുപറഞ്ഞ് പൊലീസ് നീതി നിഷേധിക്കാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
കേസെടുക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ആനി രാജയും ജെബി മേത്തറും രാത്രി വൈകിയും സ്റ്റേഷന് മുന്നിൽ സമരം തുടർന്നു. പുലർച്ചെയോടെ പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നീക്കം തുടങ്ങിയതോടെ സ്ഥലത്ത് വലിയ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ജനപ്രതിനിധികളടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ മാറ്റി. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർഥി-യുവജന സംഘടനകൾ.
---------------
Hindusthan Samachar / Roshith K