Enter your Email Address to subscribe to our newsletters

Kochi, 16 ഒക്റ്റോബര് (H.S.)
സിഎംആര്എല്-എക്സാലോജിക് മാസപ്പടിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി അറിയാനുള്ളത് പിണറായി ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നാണ്.
പിണറായിക്കെതിരെ എഫ്ഐആര് റജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജികള് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെ, സിഎംആര്എല് - എക്സാലോജിക് പണമിടപാടില് വിജിലന്സ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇ.ഡി നോട്ടിസ് നല്കിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജന്സികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ട അവസ്ഥയിലാണ്. ഇത് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ് പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വരിക.
കേസില് പിണറായി വിജയന്റെ മകള് വീണയെ ഇഡ് പലവട്ടം ചോദ്യം ചെയ്തിരുന്നു. കൂടാതെ പിണറായിയുടെ തിരുവനന്തപുരത്തേയും കണ്ണൂരിലേയും വസതികളിലും മുഹമ്മദ് റിയാസിന്റെ വസതികളിലും ഇഡി പരിശോധന നടത്തിയിരുന്നു. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനാണ് പിണറായിക്ക് തന്നെ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. നല്കാത്ത സേവനത്തിന് വീണയുടെ കമ്പനിക്ക് കോടികള് നല്കിയത് അഴിമതിയാണെന്നാണ് ഇഡി കണ്ടെത്തല്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്ജി പരിഗണിക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന സൂചനയാണ് സുപ്രീംകോടതി നല്കിയിരിക്കുന്നത്. ദസറ അവധി സമയത്ത് പ്രത്യേക ബെഞ്ച് ഹര്ജി പരിഗണിച്ചില്ലെങ്കില് 26ന് പിണറായി ഉള്പ്പെടെ നല്കിയ ഹര്ജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിജിലന്സ് കേസിനെതിരെ പിണറായി വിജയന്, വീണ ടി, മുഹമ്മദ് റിയാസ്, ഹസന് വാരിസ് എന്നിവരാണ് നിലവില് സുപ്രീം കോടതിയില് ഹര്ജി ഫയല് ചെയ്തിരിക്കുന്നത്. കേസില് പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയര് അഭിഭാഷകന് സിദ്ധാര്ത്ഥ് ലൂതറ ചൂണ്ടിക്കാട്ടി. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാല് ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല് ഇന്ന് എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാല് അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളില് വാദം കേള്ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മറ്റ് ജഡ്ജിമാരുടെ കൂടി സൗകര്യം കണക്കിലെടുത്ത് ഇത് സംബന്ധിച്ച തീരുമാനം എടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഥവാ അടുത്ത ആഴ്ച ഹര്ജി പരിഗണിച്ചില്ലെങ്കില് 26ന് പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
---------------
Hindusthan Samachar / Sreejith S