Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഒക്റ്റോബര് (H.S.)
എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കുന്നതിനും കേര പദ്ധതിയുടെ ഭാഗമായി കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് നിയമസഭയിൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കർഷകർക്കും ഉദ്യോഗസ്ഥർക്കും ബോധവത്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. ആവശ്യമായ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സർവകലാശാലകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എംഎൽഎമാരായ പി. പ്രസാദ്, ജി. ആർ. അനിൽ, കെ. കെ. വത്സരാജ്, ഗീതാ ഗോപി എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 23 കാർഷിക പരിസ്ഥിതി യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ നടത്തിയ കാലാവസ്ഥാ വ്യതിയാന ദുർബലതാ വിലയിരുത്തൽ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് വിള വൈവിധ്യവൽക്കരണവും സംയോജിത കൃഷിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കതിര് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കാലാവസ്ഥാ മുന്നറിയിപ്പുകളും കാർഷിക നിർദേശങ്ങളും കർഷകർക്ക് യഥാസമയം നൽകുന്നുണ്ട്. കൃഷിനാശം മൂലമുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കാൻ വിള ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുന്നു. കാലാവസ്ഥാ നിരീക്ഷണത്തിനും വിവരശേഖരണത്തിനുമായി വിൻഡ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മഴവെള്ള സംഭരണം, ജലസംരക്ഷണം, സൂക്ഷ്മ ജലസേചനം (മൈക്രോ ഇറിഗേഷൻ) തുടങ്ങിയ മാർഗങ്ങളിലൂടെ കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി കാർബൺ സെൽ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S