Enter your Email Address to subscribe to our newsletters

Kasaragod , 17 ഒക്റ്റോബര് (H.S.)
സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുന്നതായി കാണിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.
ഒക്ടോബർ 15, 16 തീയതികളിൽ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. രാഘവൻ. നിലവിൽ കാഞ്ഞങ്ങാട് ഏരിയാ സെൻ്ററിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. പാർട്ടിയുടെ വിവിധ സംഘടനാ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള രാഘവൻ കാസർകോട് ജില്ലയിലെ സിപിഎമ്മിലെ പരിചയസമ്പന്നരായ നേതാക്കളിലൊരാളാണ്.
ജില്ലാ കമ്മിറ്റിയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്തി
കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തന്നെ എം. രാഘവൻ്റെ പേര് ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ഇതാണ് നേതൃത്വത്തോടുള്ള അതൃപ്തിക്ക് പ്രധാന കാരണമായതെന്നാണ് സൂചന.
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ചുള്ള അതൃപ്തി നേതൃത്വത്തെ അറിയിച്ച ശേഷമാണ് അദ്ദേഹം രാജി തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ രാജി
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സംഘടനാപരമായ വിഷയങ്ങളും ഉൾപ്പെടെ ചർച്ച ചെയ്ത യോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി ഘടനയും പ്രാതിനിധ്യവും സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഒക്ടോബർ 15, 16 തീയതികളിലായിരുന്നു വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടനാതലത്തിൽ തിരുത്തൽ നടപടികളും നേതൃത്വത്തിൻ്റെ പുനഃക്രമീകരണവും സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് എം. രാഘവൻ്റെ രാജി.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ മുതിർന്ന നേതാവ് പാർട്ടി വിട്ടത് സിപിഎമ്മിൻ്റെ കാസർകോട് ജില്ലാ ഘടകത്തിൽ ചർച്ചയായിട്ടുണ്ട്. പാർട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനവും രാഘവൻ രാജിവെച്ചു. 50 വർഷത്തെ യാത്രയിൽ വഴിതെറ്റിപ്പോയോ എന്നൊരു സംശയം എന്ന കുറിപ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ദീർഘകാലത്തെ പാർട്ടി പ്രവർത്തനത്തിനുശേഷമുള്ള അദ്ദേഹത്തിൻ്റെ രാജിയും നേതൃത്വത്തോടുള്ള അതൃപ്തിയും കാസർകോട് ജില്ലയിലെ സിപിഎം രാഷ്ട്രീയത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR