നെടുമ്പാശേരി മിനി കൂപ്പർ കാർ അപകടം: പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി
Ernakulam , 17 ഒക്റ്റോബര് (H.S.) നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി മരണപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. മുഖ്യപ്രതി സുഹൈൽ സജീവ്, പ്രേരണ കുറ്റം ചുമത്തപ്പെട്ട കൂട്ടുപ്രതി
NEDUMBASSERY MINI COOPER ACCIDENT


Ernakulam , 17 ഒക്റ്റോബര് (H.S.)

നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി മരണപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. മുഖ്യപ്രതി സുഹൈൽ സജീവ്, പ്രേരണ കുറ്റം ചുമത്തപ്പെട്ട കൂട്ടുപ്രതികളായ നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരേണ്ടി വരും.

ജാമ്യാപേക്ഷയിൽ നടന്ന വാദത്തിനിടയിൽ പ്രോസിക്യൂഷൻ ശക്തമായ വാദമുഖങ്ങളാണ് ഉന്നയിച്ചത്. വലിയ രീതിയിലുള്ള അപകടം സംഭവിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും പ്രതി സുഹൈൽ സജീവ് മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. അതേസമയം ഇതറിയാവുന്ന മറ്റ് പ്രതികളും ഈ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയായിരുന്നു.

അപകടം സൃഷ്ടിച്ചതിന് ശേഷം പരിക്കേറ്റവരെ രക്ഷിക്കാനുള്ള യാതൊരുവിധ ശ്രമങ്ങളും പ്രതികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും തെളിവുകൾ നശിപ്പിക്കാനും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാനുമാണ് ഇവർ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവർ ഹെൽമറ്റ് ധരിക്കാതെയും നിയമം ലംഘിച്ച് ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്തതുമാണ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദങ്ങൾ. എന്നാൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തവർ നിയമം ലംഘിച്ചത് അവരെ വാഹനമിടിച്ച് കൊലപ്പെടുത്താനുള്ള ന്യായമാണോയെന്ന പ്രസക്തമായ ചോദ്യം കോടതി തിരികെചോദിച്ചു.

ഇരുഭാഗത്തിൻ്റെയും വാദഗതികൾ വിശദമായി പരിശോധിച്ച കോടതി, പ്രതിഭാഗത്തിൻ്റെ ന്യായീകരണങ്ങൾ തള്ളിക്കളയുകയും പ്രതികൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് കൊച്ചി എയർപോർട്ടിൽ എത്തുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു പ്രതി സുഹൈൽ സജീവ്. മദ്യലഹരിയിൽ അമിതവേഗതയിൽ എത്തിയ മിനി കൂപ്പർ കാർ, വിമാനത്താവള റോഡരികിൽ നിന്ന് ചായ കുടിച്ച് മടങ്ങുകയായിരുന്ന മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് നേരെ പാഞ്ഞുകയറി.

അതിശക്തമായ ഇടിയെത്തുടർന്ന് തെറിച്ചുവീണ മൂവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. അപകടത്തിന് ശേഷം പരിക്കേറ്റവരെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതെ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഒടുവിൽ തടഞ്ഞുവെച്ച് പിടികൂടി. നാട്ടുകാരുമായി തട്ടിക്കയറാൻ ശ്രമിച്ച പ്രതിയെ പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് കൈമാറി.

ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായ മൂവരും ഏവിയേഷൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നല്ലൊരു ഭാവി ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്നവരായിരുന്നു. ജോലിക്കായി തയാറെടുക്കുന്നതിനിടയിൽ തൃക്കാക്കരയിലെ ഒരു സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു ഇവർ. കർണാടക സുള്ളിയ സ്വദേശി ഇയാസ് (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (22), വയനാട് സ്വദേശി ദേവിക (21) എന്നിവർക്കാണ് ഈ റോഡപകടത്തിൽ ജീവൻ നഷ്ടമായത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News