Enter your Email Address to subscribe to our newsletters

Kollam , 17 ഒക്റ്റോബര് (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി പ്രതിനിധികൾ. സിപിഎമ്മിന്റെ വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഉന്നത നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളും ആത്മപരിശോധനയും ഉയർന്നത്.
പിണറായി വിജയൻ പാർട്ടിക്ക് മുകളിലേക്ക് വളർന്നു. അത് തിരിച്ചടിയായി മാറി. പിണറായി സർക്കാരിൻ്റെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി. മക്കൾക്കായി കരിമണൽ കമ്പയിൽ നിന്ന് പണം വാങ്ങുമ്പോൾ പിണറായി ഇഎംസിനെ ഓർക്കണമായിരുന്നുവെന്നും പിണറായിയെ തിരുത്താൻ പാർട്ടിക്കായില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
പാർട്ടി സെക്രട്ടറിയായ എംവി ഗോവിന്ദൻ്റെ തെറ്റായ നിലപാടുകളാണ് കണ്ണൂരിലെ പരാജയത്തിന് കാരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് ടേം വ്യവസ്ഥ എടുത്ത് കളഞ്ഞത് ആരെ സംരക്ഷിക്കാനെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. കൊല്ലം ജില്ലയിൽ തെരഞ്ഞെടുപ്പിന് വനിതകളെ മത്സരിപ്പിക്കാത്തതിനെതിരെയും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം ഭയക്കുന്നുവെന്നും പ്രതിനിധികൾ പരിഹസിച്ചു. കൊല്ലം ജില്ലയിലെ സിപിഎം സമ്പന്നരുടെ മാത്രം പാർട്ടിയായി മാറികൊണ്ടിരിക്കുകയാണെന്നും പാർട്ടി ഇപ്പോൾ പിരിവ് പാർട്ടിയായി മാറിയെന്നും പ്രതിനിധികൾ വ്യക്തമാക്കി.
അതേസമയം ഇന്ന് (ഒക്ടോബർ 17) വൈകിട്ട് വിഎസ് അച്യുതാനന്ദൻ നഗറിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടിപി രാമകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെഎസ് സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം സ്വരാജ്, കെകെ ജയചന്ദ്രൻ, പിഎ മുഹമ്മദ് റിയാസ്, എംബി രാജേഷ് എന്നിവർ വിപുലീകൃത ജില്ലാകമ്മിറ്റിയിൽ പങ്കെടുത്തു.
ജില്ലാകമ്മിറ്റിയുടെ കീഴിൽ 18 ഏരിയാ കമ്മിറ്റികളും 168 ലോക്കൽ കമ്മിറ്റികളും 3135 ബ്രാഞ്ചും 51136 പാർടി അംഗങ്ങളുമുള്ള വിപുലമായ സംഘടനാരൂപമാണുള്ളത്. 68 ഗ്രാമപഞ്ചായത്തും 4 മുനിസിപ്പാലിറ്റിയും കൊല്ലം കോർപ്പറേഷനും 11 ബ്ലോക്ക്പഞ്ചായത്തും ജില്ലാപഞ്ചായത്തുമടക്കം 85 തദ്ദേശസ്ഥാപനങ്ങളും വിപുലമായ സഹകരണ ശൃംഖലയും ജില്ലയിലുണ്ട്.
ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക മേഖലകളെ സംബന്ധിച്ചും വിവിധ ജനവിഭാഗങ്ങളെപ്പറ്റിയും സമൂഹത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും വിശദമായ പരിശോധന ജില്ലാ കമ്മിറ്റി യോഗം നടത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR