Enter your Email Address to subscribe to our newsletters

Newdelhi , 17 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന 'ലെഹ്രാ ദോ തിരംഗ' പ്രതിഷേധ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി നേതാവ് നേഹാ ബോറയെ വിട്ടയച്ചു. എന്നാൽ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജിത് ദീപ്കെയെ പോലീസ് വിട്ടയച്ചിട്ടില്ലെന്നും അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.ജെ.പിയും വിവിധ വിദ്യാർത്ഥി-പ്രതിപക്ഷ സംഘടനകളും ചേർന്ന് തലസ്ഥാനത്ത് ദേശീയ പതാകയേന്തി കൂറ്റൻ മാർച്ച് പ്രഖ്യാപിച്ചത്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയ ഉടൻ തന്നെ അഭിജിത് ദീപ്കെയെ വസതിക്ക് മുന്നിൽ വെച്ച് ഡൽഹി പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മാർച്ചുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് മണ്ഡി ഹൗസിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടനാ നേതാവ് നേഹാ ബോറയെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
നേതാക്കളുടെ കസ്റ്റഡിക്ക് പിന്നാലെ രൂക്ഷമായ പ്രതിഷേധമാണ് ഭരണകൂടത്തിനെതിരെ ഉയർന്നത്. കസ്റ്റഡിയിലെടുത്ത ഇരുവരേയും എങ്ങോട്ടാണ് കൊണ്ടുപോയതെന്ന വിവരം മണിക്കൂറുകളോളം പുറത്തുവിടാതിരുന്നത് കനത്ത ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. അഭിഭാഷകരെയും സംഘടന പ്രതിനിധികളെയും ഇവരെ കാണാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ശക്തമായി രംഗത്തെത്തി. തടങ്കലിൽ വെച്ചവരുടെ വിവരം വെളിപ്പെടുത്താത്തത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ വിമർശിച്ചു.
തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് നേഹാ ബോറയെ പോലീസ് വിട്ടയക്കാൻ തയ്യാറായത്. എന്നാൽ, അഭിജിത് ദീപ്കെയ്ക്കെതിരെ വിലക്ക് ലംഘനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പോലീസ് അനുമതി നിഷേധിച്ചിട്ടും നിരോധനാജ്ഞ മറികടന്ന് നൂറുകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും ദേശീയ പതാക ഉയർത്തിപ്പിടിച്ച് സെൻട്രൽ പാർക്കിലേക്കും കൊണാട്ട് പ്ലേസിലേക്കും പ്രതിഷേധവുമായി ഒഴുകിയെത്തി. വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് അധികൃതർ മാർച്ച് തടഞ്ഞത്. സമരരംഗത്തുണ്ടായിരുന്ന നൂറ്റമ്പതിലധികം പ്രവർത്തകരെ ഇന്നലെ ഡൽഹി പോലീസ് വിവിധ ഭാഗങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തിരുന്നു. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് വിദ്യാർത്ഥി-യുവജന സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്.
---------------
Hindusthan Samachar / Roshith K