Enter your Email Address to subscribe to our newsletters

Chennai, 17 ഒക്റ്റോബര് (H.S.)
തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ 8.30-ഓടെ സൂര്യ ആശുപത്രിയില് പ്രവേശിപ്പിച്ചതായിരുന്നു അദ്ദേഹത്തെ. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തേനിസൈ തെന്ട്രല് എന്നായിരുന്നു അദ്ദേഹത്തെ ആരാധകരും സിനിമാലോകവും വിശേഷിപ്പിച്ചിരുന്നത്.
1950 നവംബര് 20-ന് ദേവനേശന് ചൊക്കലിംഗം എന്ന പേരില് ജനിച്ച ദേവ, തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകരില് ഒരാളായിരുന്നു. തനതായ ഈണങ്ങള്, നാടന് പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള സംഗീതം എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് ചിത്രങ്ങള്ക്ക് അദ്ദേഹം സംഗീതം നല്കിയിട്ടുണ്ട്. നിരവധി ചിത്രങ്ങള്ക്കുവേണ്ടി ഗാനങ്ങളാലപിക്കുകയും ചെയ്തു.
സുമ്മാ ഇരുങ്ക മച്ചാന്, ഉന്നിടത്തില് എന്നൈ കൊടുത്തേന്, ചിന്ന രാജ, വാണി മഹല്, അടി തടി, ഇംഗ്ലീഷ്കാരന്, മോതി വിളയാട്, സൂരിയന് സട്ട കല്ലൂരി എന്നീ ചിത്രങ്ങളില് വേഷമിടുകയും ചെയ്തിട്ടുണ്ട് ദേവ.
1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയില് പ്രശസ്തനാകുന്നത്. ബാഷ, അണ്ണാമലൈ, ആസൈ, കാതല് കോട്ടൈ, നേര്ക്കു നേര്, നിനൈത്തേന് വന്തായി, പ്രിയമുടന്, വാലി, കുഷി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില് ഉള്പ്പെടുന്നു. മലയാളത്തില് ദ പ്രിന്സ്, കിങ് സോളമന്, ഫാന്റം എന്നീ ചിത്രങ്ങള്ക്ക് ദേവ ഈണമൊരുക്കിയിട്ടുണ്ട്. അവ്വൈ ഷണ്മുഖി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയ ചാച്ചി 420-യുടെ പശ്ചാത്തലസംഗീതവും അദ്ദേഹം നിര്വഹിച്ചു.
തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി അവാര്ഡ് ഉള്പ്പെടെ നിരവധി ബഹുമതികള് അദ്ദേഹത്തിന്റെ സംഭാവനകള്ക്ക് ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ പ്രവര്ത്തനത്തിന് മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകന് ശ്രീകാന്ത് ദേവ മകനാണ്. സബേഷ്, മുരളി എന്നിവരാണ് മറ്റുമക്കള്.
---------------
Hindusthan Samachar / Sreejith S