Enter your Email Address to subscribe to our newsletters

Bhubaneswar, 18 ഒക്റ്റോബര് (H.S.)
2024-ലെ ഒഡിഷ സബ് ഇൻസ്പെക്ടർ പരീക്ഷാ പേപ്പർ ചോർന്ന കേസിൽ നിർണായക അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റിക്രൂട്ട്മെന്റ് ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ഇ.ഡി വിശദമായ അന്വേഷണം നടത്തും.
നേരത്തെ ഇ.ഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഒഡിഷ പൊലീസ് റിക്രൂട്ട്മെന്റ് ബോർഡ് ഉദ്യോഗസ്ഥരുടെയും ചില സ്വകാര്യ സ്ഥാപനങ്ങളുടെയും പങ്ക് വ്യക്തമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ തുടർച്ചയായാണ് കേസിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യുന്നതിനൊപ്പം ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണം ഉപയോഗിച്ച് അനധികൃത സ്വത്തുകൾ സമ്പാദിച്ചോ എന്നും പണം എങ്ങനെയൊക്കെയാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്നും ഏജൻസി പരിശോധിക്കും.
കഴിഞ്ഞ ആഴ്ച ഒഡിഷയിലും പശ്ചിമ ബംഗാളിലുമായി പന്ത്രണ്ടോളം സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പുതിയ തെളിവുകളും വിവരങ്ങളും ലഭിച്ചതിനെത്തുടർന്ന് അന്വേഷണം വിപുലീകരിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതുവരെ അന്വേഷണ പരിധിയിൽ വരാതിരുന്ന ചില കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്ക് കണ്ടെത്തിയിട്ടുണ്ടെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനിയിൽ വ്യക്തമാക്കുന്നു. ഇത് കൂടാതെ റിക്രൂട്ട്മെൻ്റ് ബോർഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പങ്കും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഇതുവരെ നടത്തിയ അന്വേഷണങ്ങളിലും റെയ്ഡുകളിലും നിന്ന് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത് ചോദ്യപേപ്പർ ചോർച്ച വളരെ ആസൂത്രിതമായി നടന്നുവെന്നാണ്. ഉദ്യോഗാർഥികളിൽ നിന്ന് പണം കൈപ്പറ്റിയതിലൂടെ വലിയ തുക അനധികൃതമായി സമ്പാദിച്ചിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു.
പരീക്ഷാ നടത്തിപ്പിൻ്റെ ചുമതല റിക്രൂട്ട്മെൻ്റ് ബോർഡ് കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡിന് നൽകുകയും പിന്നീട് അവർ ഇത് ഭുവനേശ്വർ ആസ്ഥാനമായുള്ള എസ്ടിപിഎൽ എന്ന കമ്പനിക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
ഐടിഐ ലിമിറ്റഡിൻ്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഉദ്യോഗാർഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എസ്ടിപിഎൽ ഡയറക്ടർ എസ് സി നായക് പഞ്ച്സോഫ്റ്റ് ടെക്നോളജി എന്ന കമ്പനിയെ ഏർപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
ഈ കമ്പനിയുമായി ബന്ധമുള്ള വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിക്കുകയും പണം നൽകിയാൽ ചോദ്യപേപ്പർ സംബന്ധിച്ച വിവരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 5, 6 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് ആരോപണം.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഈ കേസിൽ അന്വേഷണം നടത്തിയിരുന്നു. 2025 മാർച്ചിൽ പരീക്ഷ നടത്താൻ നിശ്ചിയച്ചപ്പോൾ വിവിധ ക്രമക്കേടുകൾ നടന്നതായി ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു എന്ന് ഇഡി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR