Enter your Email Address to subscribe to our newsletters

Thiruvananthapuram ,8 ഒക്റ്റോബര്‍ (H.S.)
സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍
6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ 7 മണിമുതല്‍ 17 രാവിലെ 7 മണിവരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പിപി. വിജയൻ്റെ നിര്‍ദ്ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്, 710 കേസുകള്‍. തിരുവനന്തപുരം റൂറലില്‍ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസറഗോഡ് ജില്ലയിലാണ്, 75 കേസുകള്‍.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നും
വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും എഡിജിപി പി. വിജയൻ അറിയിച്ചു. ഇതു കൂടാതെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14308 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 139 കേസുകളിലായി 144 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13270 ആയി. ഇതുവരെ 27264.012 ഗ്രാം എം.ഡി.എം.എയും 1796.307 കി.ഗ്രാം കഞ്ചാവും 664.846 ഗ്രാം ഹെറോയിനും 7238.972 ഗ്രാം ഹാഷിഷ് ഓയിലും 777.159 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 79 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 14 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 2 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 44 കേസുകളും കോട്പ പ്രകാരം 99 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 142.096 ഗ്രാം എം.ഡി.എം.എയും 14.030 കി.ഗ്രാം കഞ്ചാവും 13.74 ഗ്രാം ഹെറോയിനും 488 ഗ്രാം ഹാഷിഷ് ഓയിലും 1 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 30 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11258 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 986 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7891 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
---------------
Hindusthan Samachar / Sreejith S