Enter your Email Address to subscribe to our newsletters

Ernakulam , 18 ഒക്റ്റോബര് (H.S.)
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടത്തിൽ ഒന്നാം പ്രതി സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ആരംഭിച്ചു. ഇതിന്റെ ഭാഗമായി സുഹൈലിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ.ടി.ഒ) കാരണം കാണിക്കൽ നോട്ടീസ് നൽകി.
അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി. ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 14 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണം. തുടർന്ന് സുഹൈലിന്റെ വിശദീകരണം കേട്ടശേഷം അന്തിമ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് ലൈസൻസ് റദ്ദാക്കണമെന്ന് ശുപാർശ ചെയ്യുന്ന വിശദമായ റിപ്പോർട്ട് പൊലീസിൽ നിന്ന് ലഭിച്ചതായി എംവിഡി അറിയിച്ചു. മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനു പുറമേ, മിനി കൂപ്പർ കാറിൻ്റെ എക്സ്ഹോസ്റ്റ് സംവിധാനം മാറ്റം വരുത്തിയതായും ഇതുമൂലം അമിത ശബ്ദമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്.
അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
ഞായറാഴ്ച (ഒക്ടോബർ 11) പുലർച്ചെ രണ്ടു മണിക്ക് ശേഷം കൊച്ചി എയർപോർട്ടിലെത്തുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു സുഹൈൽ മിനി കൂപ്പർ വാഹനവുമായി എത്തിയത്. മദ്യപിച്ച് അമിത വേഗതയിലെത്തിയ സുഹൈൽ ഓടിച്ച മിനി കൂപ്പർ വിമാനത്താവള റോഡിലെത്തി ചായ കുടിച്ച് മടങ്ങുകയായിരുന്ന മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് നേരെയാണ് പാഞ്ഞുകയറിയത്. രണ്ട് യുവതികളും ഒരു യുവാവും റോഡിലേക്ക് തെറിച്ച് വീഴുകയും ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മൂവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. നാട്ടുകാരുമായി തട്ടിക്കയറാൻ ശ്രമിച്ച പ്രതിയെ പിന്നീട് പൊലീസ് സംഘത്തിന് കൈമാറി. പ്രതി മദ്യപിച്ചിരുന്നുവെന്നും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ വ്യക്തമാക്കുമെന്നും ആലുവ പൊലീസ് അറിയിച്ചിരുന്നു. അപകടത്തിൽ ജീവൻ നഷ്ടമായ മൂവരും ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കി ജോലിക്കായി തൃക്കാക്കരയിലെ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. കർണാടക സുള്ളിയ സ്വദേശി ഇയാസ് (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (22), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
രക്തത്തിലെ മദ്യത്തിൻ്റെ അളവ് അനുവദനീയ പരിധിയേക്കാൾ ഏറെ
പൊലീസ് റിപ്പോർട്ട് പ്രകാരം സുഹൈലിൻ്റെ രക്തസാമ്പിളിൽ 100 മില്ലിലിറ്ററിൽ 161 മില്ലിഗ്രാം മദ്യത്തിൻ്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. മൂത്രസാമ്പിളിൽ 100 മില്ലിലിറ്ററിൽ 230 മില്ലിഗ്രാമായിരുന്നു മദ്യത്തിൻ്റെ അളവ്. മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം അനുവദനീയമായ പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമാണ്. റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന രക്തത്തിലെ മദ്യത്തിൻ്റെ അളവ് ഈ പരിധിയേക്കാൾ വളരെ കൂടുതലാണ്. അപകടസമയത്ത് പൊതുനിരത്തിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ആരോപണം. ഈ റോഡിലെ അനുവദനീയ വേഗപരിധി മണിക്കൂറിൽ 60 അല്ലെങ്കിൽ 70 കിലോമീറ്ററായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അപകടത്തിൻ്റെ ഗൗരവവും പ്രതികൾക്കെതിരായ ആരോപണങ്ങളും പരിഗണിച്ച് നാല് പ്രതികളുടെയും ജാമ്യാപേക്ഷകൾ ശനിയാഴ്ച കോടതി തള്ളിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR