ഡൽഹി പൊലീസിന്റെ സമയോചിത ഇടപെടൽ: അഞ്ച് സംസ്ഥാനങ്ങളിലായി മുതിർന്ന പൗരന്മാരെ 'ഡിജിറ്റൽ അറസ്റ്റിൽ' നിന്ന് രക്ഷപ്പെടുത്തി; 1.53 കോടി രൂപ തിരിച്ചുപിടിച്ചു
Newdelhi, 18 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന സൈബർ തട്ടിപ്പുകൾക്കും ''ഡിജിറ്റൽ അറസ്റ്റ്'' ഭീഷണികൾക്കുമെതിരെ ശക്തമായ നടപടിയുമായി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) വിഭാഗത്തിന് കീ
ഡൽഹി പൊലീസിന്റെ സമയോചിത ഇടപെടൽ: അഞ്ച് സംസ്ഥാനങ്ങളിലായി മുതിർന്ന പൗരന്മാരെ 'ഡിജിറ്റൽ അറസ്റ്റിൽ' നിന്ന് രക്ഷപ്പെടുത്തി; 1.53 കോടി രൂപ തിരിച്ചുപിടിച്ചു


Newdelhi, 18 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന സൈബർ തട്ടിപ്പുകൾക്കും 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണികൾക്കുമെതിരെ ശക്തമായ നടപടിയുമായി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) വിഭാഗത്തിന് കീഴിലുള്ള ഫിനാൻഷ്യൽ മോണിറ്ററിംഗ് സെല്ലിന്റെ (FMC) പ്രോആക്ടീവ് വിക്ടിം ഐഡന്റിഫിക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ടീം നടത്തിയ അതിവേഗ ഇടപെടലിലൂടെ അഞ്ച് സംസ്ഥാനങ്ങളിലായി നിരവധി മുതിർന്ന പൗരന്മാരെയാണ് തട്ടിപ്പുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇരകളിൽ നിന്നായി തട്ടിയെടുക്കാൻ ശ്രമിച്ച 1.53 കോടിയിലധികം രൂപ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനും പൊലീസിന് സാധിച്ചു.

തട്ടിപ്പുകാരുടെ ഭീഷണിയിലായിരുന്ന ഇരകൾ പണം കൈമാറിയ അക്കൗണ്ടുകൾ പിന്തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വൻ തട്ടിപ്പ് തടയാൻ സഹായകമായത്. പ്രതികൾ നിയന്ത്രിച്ചിരുന്ന സാമ്പത്തിക ഇടപാടുകൾ നിരീക്ഷിച്ച പൊലീസ്, തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി കിടന്നിരുന്ന ഇരകളെ സ്വമേധയാ കണ്ടെത്തുകയും തക്കസമയത്ത് ഇടപെട്ട് കൂടുതൽ പണം നഷ്ടപ്പെടാതെ തടയുകയുമായിരുന്നു.

സൈബർ ഹെൽപ്പ്ലൈൻ നമ്പറായ 1930 വഴി ലഭിച്ച ഒരു പരാതിയാണ് ഈ അന്വേഷണത്തിന് വഴിത്തിരിവായത്. ഡൽഹിയിലെ സാഗർപൂരിൽ താമസിക്കുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് സെപ്റ്റംബർ 14-ന് ആദ്യമായി ഈ കെണിയിൽ വീണത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ വിളിച്ചത്. കാനഡയിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള സിം കാർഡും ക്രെഡിറ്റ് കാർഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച സൈബർ കുറ്റവാളി വീഡിയോ കോളിൽ വരികയും അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടിയെടുക്കുകയും ചെയ്തു. ഇദ്ദേഹം പണം അയച്ച 'മ്യൂൾ ബാങ്ക് അക്കൗണ്ട്' (വ്യാജ അക്കൗണ്ട്) കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലുള്ള ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പുറത്തുവന്നു:

-

ഡൽഹി (നജഫ്ഗഡ്): എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ സെപ്റ്റംബർ 17 മുതൽ തട്ടിപ്പുകാരുടെ 'ഡിജിറ്റൽ അറസ്റ്റിലായിരുന്നു'. 3 ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാളോട് കൈവശമുള്ള സ്വർണവും വെള്ളിയും പണയം വെയ്ക്കാൻ പ്രതികൾ നിർബന്ധിച്ചു. എന്നാൽ പൊലീസിന്റെ പെട്ടെന്നുള്ള ഇടപെടലിലൂടെ 3.48 ലക്ഷം രൂപയുടെ നഷ്ടം ഒഴിവാക്കാനായി.

-

രാജസ്ഥാൻ: 80 വയസ്സുകാരനായ തുണിക്കച്ചവടക്കാരനിൽ നിന്ന് സംഘം 18 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതിനുപുറമെ വീട് പണയപ്പെടുത്തി 10 ലക്ഷം രൂപ കൂടി നൽകാൻ ഇയാളെ നിർബന്ധിക്കുന്നതിനിടെയാണ് പൊലീസ് വിവരമറിഞ്ഞ് രക്ഷകരായത്.

-

ഗുജറാത്ത്: ബിസിനസ് നിക്ഷേപമെന്ന പേരിൽ 25 ലക്ഷം രൂപ കൈമാറിയ ഒരു വ്യാപാരിയെ കൂടുതൽ തുക നഷ്ടപ്പെടുന്നതിന് മുൻപ് പൊലീസ് വിളിച്ച് മുന്നറിയിപ്പ് നൽകി.

-

ഉത്തർപ്രദേശ്: ആധാർ കാർഡ് ഒരു ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് വിരമിച്ച റെയിൽവേ ജീവനക്കാരനിൽ നിന്ന് തട്ടിപ്പുകാർ 52 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാൽ പൊലീസിന്റെ ഇടപെടൽ കാരണം അദ്ദേഹത്തിന്റെ ബാങ്കിലുള്ള 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം (FD) പിൻവലിക്കുന്നത് തടയാൻ കഴിഞ്ഞു.

-

പൊലീസിന്റെയോ അന്വേഷണ ഏജൻസികളുടെയോ പേരിൽ ഭീഷണി സന്ദേശങ്ങളോ വീഡിയോ കോളുകളോ വന്നാൽ ഭയപ്പെടരുതെന്നും 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ ഒരു നിയമസംവിധാനവും നിലവിലില്ലെന്നും പൊലീസ് ഓർമ്മിപ്പിച്ചു. ഇത്തരം ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ ദേശീയ സൈബർ ഹെൽപ്പ്ലൈൻ നമ്പറായ 1930-ൽ വിളിച്ച് വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

---------------

Hindusthan Samachar / Roshith K


Latest News