Enter your Email Address to subscribe to our newsletters

New delhi, 19 ഒക്റ്റോബര്‍ (H.S.)
ന്യൂഡൽഹി :മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദം ശക്തമാകുന്നു. ഇന്ത്യാ കൂട്ടായ്മയ്ക്ക് പുറമെയുള്ള കക്ഷികളും രാജി ആവശ്യവുമായി രംഗത്തുവരുന്നത് കേന്ദ്രത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തെ പിന്തുണച്ചിൽ ഖേദിക്കുന്നുവെന്ന് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി തുറന്നടിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന പഴയ പാനല്‍ സംവിധാനം തന്നെ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനത്തിനായി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഇന്ത്യാ കൂട്ടായ്മയുടെ ഭാഗമല്ലാത്ത ബിആർഎസും ഗ്യാനേഷിനെതിരെ രംഗത്തെത്തിയിരുന്നു. വോട്ടുചെയ്യാനുള്ള ഇന്ത്യൻ പൗരന്റെ അവകാശം ആർക്കും ഇല്ലാതാക്കാനാവില്ലെന്നും ഗ്യാനേഷ്‌കുമാർ പോയേ മതിയാവൂ എന്നും ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവു പ്രതികരിച്ചിരുന്നു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. സിജെപിയുടെയും ഇടതുപക്ഷസംഘടനകളുടെയും മറ്റ് പ്രതിപക്ഷകക്ഷികളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടികൾ നടക്കുന്നുണ്ട്. ഒക്ടോബര്‍ 23 ന് സംയുക്ത കിസാൻ മോര്‍ച്ചയുടെ നേതൃത്വത്തിൽ കർഷകർ ഡൽഹിയിലേക്ക് മാര്‍ച്ച് ചെയ്യും.
---------------
Hindusthan Samachar / Sreejith S