Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം* : വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനംചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും നിലവിൽവരും.
പുതിയ നയമനുസരിച്ചായിരിക്കും 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്ക് കമ്മിഷൻ നിശ്ചയിക്കുന്നത്. ഇതിൽ നാലുവർഷവും സർച്ചാർജുണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർച്ചാർജ്. മറ്റുവിഭാഗങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിതശതമാനവും.
വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവിൽ ഇന്ധനവിലവർധനകൊണ്ടുള്ള അധികബാധ്യത ഈടാക്കാൻ മാസംതോറും ഇന്ധനസർച്ചാർജ് ചുമത്താറുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിൽ മാത്രമായിരുന്നു. ഇനി ഹ്രസ്വകാല, അടിയന്തര വാങ്ങലുകളിലെ അധികബാധ്യതയും കണക്കാക്കും. ഇത് കമ്മിഷന്റെ അംഗീകാരമില്ലാതെതന്നെ കമ്പനിക്ക് നേരിട്ട് ഈടാക്കാം. അധികബാധ്യത ഉടനെത്തന്നെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്. എന്നാൽ, ഇന്ധന സർച്ചാർജായി ശരാശരി വൈദ്യുതിവിലയുടെ നാലുശതമാനത്തിൽ കൂടുതൽ നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാവും.
വൈദ്യുതി കൂടുതൽ ആവശ്യമായിവരുന്ന പീക്ക് സമയത്തിന്റെ നിർവചനവും മാറ്റി. ഇതുവരെ വൈകീട്ട് ആറുമുതൽ 10 വരെയായിരുന്നു. ഇത് ആറുമുതൽ രാത്രി 11.30 വരെയാക്കി. പീക്ക് സമയത്ത് കൂടിയനിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും നിരക്ക് കുറയ്ക്കാനും നയം ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / Sreejith S