Enter your Email Address to subscribe to our newsletters

New delhi, 19 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി : ആരോഗ്യഗുണങ്ങൾ ഉയർത്തിക്കാട്ടി വിപണിയിലെത്തിക്കുന്ന ഹോർലിക്സിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി. ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലും പരസ്യങ്ങളിലും നൽകിയിരിക്കുന്ന ചില അവകാശവാദങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് നൽകിയത്. ഇന്ത്യയിൽ ഹോർലിക്സ് ബ്രാൻഡിന്റെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
ഹോർലിക്സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്ക്, ഹോർലിക്സ് മദേഴ്സ് പ്ലസ് കേസർ എന്നീ ഉൽപ്പന്നങ്ങളുടെ ലേബലുകളിലും പരസ്യങ്ങളിലും നൽകിയിരിക്കുന്ന വിവരങ്ങളാണ് അധികൃതർ പരിശോധിച്ചത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തിയതായാണ് വിവരം.
400 ഗ്രാം പാക്കറ്റിലുള്ള ഹോർലിക്സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്കിന്റെ ലേബലിൽ നൽകിയിരിക്കുന്ന ആരോഗ്യസംബന്ധമായ അവകാശവാദങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. അസ്ഥികളുടെ ബലം വർധിപ്പിക്കുന്നതിനുള്ള പോഷണം നൽകുന്നു, ആറുമാസത്തിനുള്ളിൽ അസ്ഥികളുടെ ബലം മെച്ചപ്പെടുത്തുമെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുണ്ട്, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു തുടങ്ങിയ പരാമർശങ്ങൾ ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
ഉൽപ്പന്നത്തിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന അവകാശവാദത്തിലും ഭക്ഷ്യസുരക്ഷാ അതോറിറ്റി എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. മാൾട്ടോഡെക്സ്ട്രിൻ അടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതിനുപുറമേ പാക്കറ്റിൽ നൽകിയിരിക്കുന്ന പോഷകഘടകങ്ങളുടെ വിവരപ്പട്ടിക നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചല്ല തയ്യാറാക്കിയിരിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
ഹോർലിക്സ് മദേഴ്സ് പ്ലസ് കേസർ ഉൽപ്പന്നത്തിന്റെ ലേബലുകളിലും പരസ്യങ്ങളിലും നൽകിയിരിക്കുന്ന അവകാശവാദങ്ങളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പരിശോധനയ്ക്ക് വിധേയമായി. ഇതുമായി ബന്ധപ്പെട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
നോട്ടീസിൽ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ ആരോപണങ്ങൾക്ക് വിശദീകരണം നൽകാനാണ് ഹിന്ദുസ്ഥാൻ യൂണിലിവറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രാൻഡുമായി ബന്ധപ്പെട്ട ലൈസൻസിങ് അധികൃതർക്കും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും ബാധകമായ ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്കനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവും പോഷകഗുണങ്ങളും സംബന്ധിച്ച് ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നവയാണ്. അതിനാൽ ഇത്തരം അവകാശവാദങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാത്തതുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് പുതിയ നടപടി മുന്നോട്ടുവയ്ക്കുന്നത്.
---------------
Hindusthan Samachar / Sreejith S