രാജ്യം വിടാന് മുംബൈ പോലീസ് നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ച് നടന് ഇമ്രാന് ഖാന്
Mumbai, 19 ഒക്റ്റോബര്‍ (H.S.) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് രാജ്യം വിടാന്‍ നോട്ടീസ് നല്‍കിയതിനെതിരെ നടന്‍ ഇമ്രാന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 26 ന് അദ്ദേഹത്തിന്റെ ഹര്‍ജ
bombay highcourt


Mumbai, 19 ഒക്റ്റോബര്‍ (H.S.)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് രാജ്യം വിടാന്‍ നോട്ടീസ് നല്‍കിയതിനെതിരെ നടന്‍ ഇമ്രാന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 26 ന് അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്‌നയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര വാദം കേള്‍ക്കാനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കിടേഷ് ധോണ്ട് ഇമ്രാന്‍ ഖാന് വേണ്ടി ഹാജരായി.

രണ്ട് വയസ് മുതല്‍ ഇമ്രാന്‍ ഖാന്‍ കുടുംബത്തോടൊപ്പം ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും ഇതുവരെ അദ്ദേഹത്തിനെതിരെ ഒരു ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രം രാജ്യം വിടാന്‍ നോട്ടീസ് നല്‍കിയത് തെറ്റാണെന്നും മുന്‍കൂര്‍ നോട്ടീസോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കാതെ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ചത് അന്യായമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് ക്രാന്തി മൈതാന്‍ ഒരു നിയന്ത്രിത പ്രദേശമല്ലെന്നും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്ക് സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നിയമം വിലക്കില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. നടി ലേഖ വാഷിങ്ടണിനും ബന്ധുവായ സൈന്‍ മരിയ ഖാനുമൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത ഇമ്രാന്‍ ഖാന്‍ പൊലീസ് ബാരിക്കേഡുകള്‍ ലംഘിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജീവിതകാലം മുഴുവന്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന ഒരാളോട് ഒരു കുറ്റവും തെളിയിക്കപ്പെടാതെ ഈ രീതിയില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുന്നത് അതിരുകടന്ന തീരുമാനമാണെന്ന് ഇമ്രാന്‍ ഖാന്‍ വാദിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ഇമ്രാന്‍ ഖാന്റെ ഹര്‍ജിയുടെ പകര്‍പ്പ് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയെ അറിയിച്ചു. അതിനാല്‍, ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി വാദം കേള്‍ക്കല്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കൂടാതെ, ഈ വിഷയം പ്രാദേശികമായി ബന്ധപ്പെട്ടതിനാല്‍, സംസ്ഥാന സര്‍ക്കാരില്‍ പരാതി നല്‍കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.

രാജ്യം വിടാനുള്ള നോട്ടീസില്‍ ഒക്ടോബര്‍ 28 മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും അതിനാല്‍ ഒക്ടോബര്‍ 26 ന് വാദം കേള്‍ക്കുകയാണെങ്കില്‍ മതിയായ സമയം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ വംശീയ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. വെള്ളിയാഴ്ച വാദം കേട്ടതിനുശേഷം മാത്രമേ ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കൂ എന്നും കോടതി വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10 ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ പ്രതിഷേധങ്ങള്‍ നടന്നു. എസ്ഐആര്‍ നടപടികളില്‍ ഗ്യാനേഷ് കുമാര്‍ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിഷേധത്തിനിടെ നടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News