സംസ്ഥാനത്ത് തുലാവർഷം സജീവം: ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Thiruvananthapuram , 19 ഒക്റ്റോബര് (H.S.) തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷച്ചുഴിയുടെയും തുലാവർഷക്കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന
സംസ്ഥാനത്ത് തുലാവർഷം സജീവം: ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്


Thiruvananthapuram , 19 ഒക്റ്റോബര് (H.S.)

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷച്ചുഴിയുടെയും തുലാവർഷക്കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവർഷം കേരളത്തിൽ സജീവമായതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ തെക്കൻ-മധ്യ ജില്ലകളിലും മലയോര മേഖലകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ തുലാവർഷത്തിന്റെ ഭാഗമായി ഇടിമിന്നൽ സാധ്യത വർധിക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മലയോര പാതകളിലൂടെയുള്ള രാത്രിയാത്രകൾ ഒഴിവാക്കണമെന്നും, നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും നഗരങ്ങളിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പുലർത്തണം.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. മഴയുടെ കാഠിന്യം കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കാനും അവ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News