ധീര പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ധീരതയെ പ്രശംസിച്ചു, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസ
Newdelhi, 02 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: വിമാനത്തിൽ സഹപൈലറ്റിന്റെ കൊലവിളി ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. അസാധാരണമായ
ധീര പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ധീരതയെ പ്രശംസിച്ചു, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസ


Newdelhi, 02 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: വിമാനത്തിൽ സഹപൈലറ്റിന്റെ കൊലവിളി ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. അസാധാരണമായ ധൈര്യവും സമചിത്തതയും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത്തിന്റെ ധീരതയെ പ്രധാനമന്ത്രി പ്രശംസിക്കുകയും അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സംഭാഷണത്തിനിടെ, വിമാനത്തിൽ നേരിട്ട പ്രതിസന്ധികളും ഭയാനകമായ ആ നിമിഷങ്ങളിൽ മനസ്സാന്നിധ്യം വീണ്ടെടുത്ത് പോരാടാൻ തനിക്ക് കരുത്തുപകർന്ന ഘടകങ്ങളും ക്യാപ്റ്റൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സ്മിത് മച്ചാർ നടത്തിയ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായതെന്ന് പ്രധാനമന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുപിഎസ്സിയുടെ ശതാബ്ദി ആഘോഷ ചടങ്ങിൽ സംസാരിക്കവെ, മറ്റൊരു '9/11' മോഡൽ ഭീകരാക്രമണമാണ് ക്യാപ്റ്റൻ സ്മിത്തിന്റെ ധീരതയിലൂടെ തടയാനായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 140 കോടി ജനങ്ങൾ അദ്ദേഹത്തിന്റെ ധീരതയ്ക്ക് മുന്നിൽ ആദരമർപ്പിക്കുന്നുവെന്നും പൈലറ്റിന്റെ മാതാപിതാക്കളോടും ഭാര്യയോടും താൻ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ ധീരനായ സഹോദരന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 27 കുട്ടികളടക്കം 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിലായിരുന്നു (FZ1073) നാടകീയവും നടുക്കുന്നതുമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം തകർക്കാൻ ലക്ഷ്യമിട്ട് കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത്തിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പോരാടിയ സ്മിത്, അടിയന്തര സന്ദേശങ്ങൾ അയക്കുകയും 34,000 അടി ഉയരത്തിൽ നിന്ന് പതിനേഴായിരത്തോളം അടി താഴ്ന്ന വിമാനത്തെ നിയന്ത്രണത്തിലാക്കി സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.

ആദ്യം തബൂക്കിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ക്യാപ്റ്റൻ സ്മിത്തിനെ തുടർചികിത്സകൾക്കായി യുഎഇയിലെ അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ആശുപത്രിയിലെത്തി ക്യാപ്റ്റൻ സ്മിത്തിനെ സന്ദർശിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ക്യാപ്റ്റൻ സ്മിത്തിന്റെ ധീരതയ്ക്ക് ലോകമെമ്പാടു നിന്നും പ്രശംസ പ്രവഹിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News