വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യജ്ഞം; ബിഎൽഒമാർ വീടുകളിലെത്തും, കന്നി വോട്ടർമാർക്കും അവസരം
Newdelhi, 02 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്.ഐ.ആർ) ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ കണ്ടെത്തി തിരികെ ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) നിർണാ
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യജ്ഞം; ബിഎൽഒമാർ വീടുകളിലെത്തും, കന്നി വോട്ടർമാർക്കും അവസരം


Newdelhi, 02 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്.ഐ.ആർ) ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ കണ്ടെത്തി തിരികെ ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) നിർണായക നീക്കം. ഇതിനായി എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ സമഗ്രമായ പ്രത്യേക യജ്ഞം (Special Drive) നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് (സി.ഇ.ഒ) കമ്മീഷൻ നിർദ്ദേശം നൽകി. യോഗ്യരായ ആരും തന്നെ വോട്ടർപട്ടികയ്ക്ക് പുറത്താകരുതെന്ന ലക്ഷ്യത്തോടെയാണ് ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ) നേരിട്ട് വീടുകളിലേക്ക് അയച്ചുള്ള ഈ പുനഃപരിശോധനാ നടപടി.

എസ്.ഐ.ആർ നടപടികൾക്ക് മുന്നോടിയായി ഉണ്ടായിരുന്ന വോട്ടർപട്ടികയും നിലവിലെ അന്തിമ പട്ടികയും ബി.എൽ.ഒമാർ വിശദമായി ഒത്തുനോക്കും. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നതും എന്നാൽ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ വോട്ടർമാരുടെ പ്രത്യേക ലിസ്റ്റ് ഇവർ തയ്യാറാക്കും. തുടർന്ന് ബി.എൽ.ഒമാർ അത്തരം വോട്ടർമാരുടെ വീടുകൾ നേരിട്ട് സന്ദർശിച്ച് അവരുടെ യോഗ്യത പരിശോധിക്കുകയും അർഹതയുള്ളവരിൽ നിന്ന് പുതിയതായി പേര് ചേർക്കാനുള്ള ഫോം 6 പൂരിപ്പിച്ചു വാങ്ങുകയും ചെയ്യും. ഒരു ബി.എൽ.ഒ ആഴ്ചയിൽ 20 മുതൽ 25 വരെ ആളുകളെ നേരിൽ കണ്ട് ഒരു മാസത്തിനകം ഈ ദൗത്യം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം.

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പുറമെ കന്നി വോട്ടർമാർക്കും യുവാക്കൾക്കും പുതിയതായി പേര് ചേർക്കാൻ ഈ യജ്ഞത്തിലൂടെ പ്രത്യേക മുൻഗണന നൽകും. ഭവന സന്ദർശന വേളയിൽ വോട്ടർപട്ടികയിൽ ഇതുവരെ ഉൾപ്പെടാത്ത യോഗ്യരായ യുവാക്കളെ കണ്ടെത്തി അവരെക്കൊണ്ടും ഫോം 6 പൂരിപ്പിച്ച് അപേക്ഷകൾ സ്വീകരിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും രാത്രികാല അഭയകേന്ദ്രങ്ങളിലും ലേബർ കോളനികളിലും കഴിയുന്നവർക്കുമായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

പൂർണമായും സുതാര്യമായ രീതിയിലാണ് ഈ പുനഃപരിശോധന മുന്നോട്ടുപോവുക. ബി.എൽ.ഒമാർ തയ്യാറാക്കുന്ന വോട്ടർമാരുടെ പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് (ബി.എൽ.എ) കൈമാറും. തുടർന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ) വഴി ബൂത്ത് തിരിച്ചുള്ള പട്ടികകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. ഇതോടെ അർഹരായ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ ചൂണ്ടിക്കാണിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും വീണ്ടും അവസരം ലഭിക്കും. ജനപ്രാതിനിധ്യ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ആർ.ഒമാരായിരിക്കും പുതിയ അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കുക.

പ്രത്യേക യജ്ഞത്തിന്റെ പുരോഗതി സംസ്ഥാന സി.ഇ.ഒമാരും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇ.ആർ.ഒമാരും ദിവസേന വിലയിരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വീപ് (SVEEP) ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ ജനങ്ങളെ വിവരമറിയിക്കാനും നിർദ്ദേശമുണ്ട്. എസ്.ഐ.ആർ നടപടികൾക്ക് ശേഷം വൻതോതിൽ പേരുകൾ വെട്ടിമാറ്റപ്പെട്ടുവെന്ന രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് അർഹരായവരെ തിരികെ ചേർക്കാനുള്ള അടിയന്തര നടപടിയുമായി കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News