Enter your Email Address to subscribe to our newsletters

Jappan, 02 ഒക്റ്റോബര്‍ (H.S.)
ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ തകര്‍ത്താണ് ഈ നേട്ടം. ജപ്പാനിലെ ഗിഫു പ്രിഫെക്ചറല്‍ ഗ്രീന്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ആവേശകരമായ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ഇതോടെ 44 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനാണ് ഇന്ത്യ വിരാമമിട്ടത്.
മത്സരത്തിന്റെ ഒന്നാം ക്വാര്‍ട്ടറില്‍ ഫോര്‍വേഡ് ലാല്‍റെംസിയാമി ഹമാര്‍സോത്തെ തൊടുത്ത ടൊമാഹോക്ക് ഷോട്ട് (ക്രിക്കറ്റിലെ റിവേഴ്സ് സ്വീപിന് സമാനം) ചൈനീസ് വലയുടെ മുകള്‍ത്തട്ടിലേക്ക് തുളച്ചുകയറിയതാണ് മത്സരത്തിലെ നിര്‍ണ്ണായക ഗോളായി മാറിയത്. തുടര്‍ന്ന് രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് സവിതാ പുനിയയുടെ മിന്നുന്ന സേവ് കരുത്തായി. ചൈനയ്ക്ക് ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് തടയാന്‍ ചൈനീസ് താരം ഷാങ് യിങ്ങിന്റെ ഷോട്ടിന് നേരെ ഇടത്തോട്ട് ചാടി പന്ത് തട്ടിയകറ്റിയ സവിത, ആദ്യ പകുതിയില്‍ ഇന്ത്യയുടെ 1-0 ലീഡ് സുരക്ഷിതമാക്കി നിര്‍ത്തി.
പാരിസ് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ വിജയികളായ ചൈന രണ്ടാം പകുതിയില്‍ പന്ത് കൈവശം വെച്ചും കടുത്ത ഹൈ-കോര്‍ട്ട് സമ്മര്‍ദ്ദം ചെലുത്തിയും ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിര അതിനെ ഉറച്ചുനിന്ന് ചെറുത്തു തോല്‍പ്പിച്ചു. അവസാന ക്വാര്‍ട്ടറിലും ചൈനയുടെ കടന്നാക്രമണങ്ങളെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ നേരിട്ട ഇന്ത്യ തങ്ങളുടെ ഗോള്‍മുഖം കാത്തു. മത്സരത്തിന്റെ അവസാന മൂന്ന് മിനിറ്റില്‍ ചൈന ഗോള്‍കീപ്പര്‍ ലിയു പിങ്ങിനെ പിന്‍വലിച്ച് അധിക ഔട്ട്ഫീല്‍ഡ് താരത്തെ ഇറക്കി സര്‍വകരുത്തും പുറത്തെടുത്തെങ്കിലും സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഒടുവില്‍ വിജയഭേരി മുഴക്കി ഇന്ത്യ സ്വര്‍ണം ഉറപ്പിക്കുകയും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസിലെ ഈ ചരിത്ര വിജയത്തോടെ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനും ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സാധിച്ചു. 2024 പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ പോയ ഇന്ത്യക്ക് ഈ വിജയം വന്‍ തിരിച്ചുവരവായി മാറി.
---------------
Hindusthan Samachar / Sreejith S