Enter your Email Address to subscribe to our newsletters

New delhi, 02 ഒക്റ്റോബര്‍ (H.S.)
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റൈ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വന്‍പ്രതിഷേധം. ജന്തര്‍ മന്തറില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകരാണ് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ചായി എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും സംഘത്തിലുണ്ടായിരുന്നു. വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.
'നിങ്ങള്‍ ബോസിന്റെ രാജി ആവശ്യപ്പെടൂ, എല്ലാം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം': സിജെപിയ്ക്ക് കേജ്‌രിവാളിന്റെ ഉപദേശം
പ്രതിഷേധം ശക്തമായതോടെ പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എ.എ.റഹീം, ജെയ്ക് സി.തോമസ് എന്നിവരേയും അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ മറ്റുള്ളവര്‍ വീണ്ടും പ്രതിഷേധത്തിനെത്തുന്നുണ്ട്. പ്രതിഷേധത്തിനായി എത്തുന്നവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയാണ്.
ജന്തര്‍ മന്തറില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ റോഡുകള്‍ അടച്ചു. മറ്റു പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലും ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധത്തിനെത്തിയ എഎപി നേതാവ് സൗരവ് ഭരദ്വാജ്, സജ്ഞീവ് ത്സാ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിന് സമീപത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്
ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരവും ഇന്ന് ആരംഭിക്കും. കൂടാതെ വിവിധ സംഘടനകളും ഇന്ന് ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും. സിജെപിയുടെ സമരം മുംബൈയിലാണ്.
ജന്തര്‍ മന്തറിലെ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. വലിയ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. 3000 മുതല്‍ 4000 ആളുകള്‍ വരെ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനെത്തുമെന്നാണ് സൂചന. ബാരിക്കേഡുകള്‍വച്ച് പൊലീസ് വഴി തടഞ്ഞിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S