അടൂര് പ്രകാശിനെ പിന്തുണച്ച് ജെബി മേത്തര്; പറഞ്ഞത് മുതിര്ന്ന നേതാവിന്റെ അഭിപ്രായം
Kochi, 02 ഒക്റ്റോബര്‍ (H.S.) മുഖ്യമന്ത്രി വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നീക്കങ്ങള്‍ക്ക് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തര്‍. അടൂര്‍ പ്രകാശ് വളരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാ
Adoor  Prakash


Kochi, 02 ഒക്റ്റോബര്‍ (H.S.)

മുഖ്യമന്ത്രി വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നീക്കങ്ങള്‍ക്ക് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തര്‍. അടൂര്‍ പ്രകാശ് വളരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു. കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല അറിയേണ്ടതെന്ന് തുറന്നുപറയാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെന്ന് ജെബി മേത്തര്‍ വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റിന് വ്യക്തിപരമായും ഫോണ്‍, ഇമെയില്‍, കത്ത് എന്നിവ വഴിയും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലും പാര്‍ട്ടി അച്ചടക്കത്തിലും വിശ്വസിക്കുന്ന പ്രവര്‍ത്തക എന്ന നിലയിലാണ് പാര്‍ട്ടി ഫോറങ്ങളില്‍ കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെയാണ് പറയാറുള്ളതെന്നും അവര്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിക്കേണ്ടത് കെപിസിസി നേതൃത്വമാണെന്നും ആ ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജെബി മേത്തര്‍ പറഞ്ഞു.

അതേസമയം, 2 അപ്പോയിന്റ്‌മെന്റുകളുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആലോചിച്ചില്ലെന്ന ആശങ്കയാണ് അടൂര്‍ പ്രകാശ് പങ്കുവച്ചതെന്നാണ് താന്‍ മനസിലാക്കുന്നത് എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എല്ലാകാലത്തും നേതൃത്വത്തോട് വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ടെന്നും അത്തരമൊരു ജനാധിപത്യപരമായ സ്വാതന്ത്ര്യം പാര്‍ട്ടി നല്‍കുന്നുണ്ടെന്നും ദീപ്തി പറഞ്ഞു. മുന്‍പ് ഉമ്മന്‍ ചാണ്ടിയും കെ.കരുണാകരനും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും അവര്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News