Enter your Email Address to subscribe to our newsletters

Mumbai, 20 ഒക്റ്റോബര്‍ (H.S.)
യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം വിപുലമാക്കാന്‍ ചര്‍ച്ചകള്‍. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് മുംബൈയില്‍ എത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന വകുപ്പ് മന്ത്രി മംഗല്പ്രഭാത് ലോധ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ വിവരങ്ങള്‍ പങ്കുവച്ചു.
ഔദ്യോഗികമായ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ഊഷ്മളമായ സ്വാഗതം എന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യവും രണ്‍ധീര്‍ ജയ്സ്വാര്‍ എടുത്തുപറഞ്ഞു. വളരെ നിര്‍ണായകമായ ഈ സന്ദര്‍ശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 'യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നുവെന്ന്' എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചു.
വെള്ളിയാഴ്ച (ഒക്ടോബര്‍ 16) റാസ് അല്‍ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ചും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെ കൂടിക്കാഴ്ചയെപ്പറ്റിയുള്ള വിവരങ്ങളും എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
റാസ് അല്‍ ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയെ കാണാന്‍ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഈ മേഖലയുമായുള്ള സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ചും അദ്ദേഹം നല്കിയ ഉള്‍ക്കാഴ്ചകള്‍ക്ക് നന്ദി അറിയിച്ചു. കൂടാതെ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങളും ചര്‍ച്ചാവിഷയമായെന്ന് സൂചിപ്പിച്ചു. ഒക്ടോബര്‍ 14 മുതല്‍ 16 വരെയാണ് വിദേശകാര്യ മന്ത്രി യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്.
---------------
Hindusthan Samachar / Sreejith S