സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Thiruvananthapram, 20 ഒക്റ്റോബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തും നിലനിൽക്കുന്ന അന്തര
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്


Thiruvananthapram, 20 ഒക്റ്റോബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തും നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയുടെയും കാറ്റിന്റെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ സജീവമായി തുടരുന്നത്. വരും ദിവസങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്.

സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ബുധനാഴ്ച ഈ ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ

തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാറ്റുള്ള സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിലോ അപകടാവസ്ഥയിലുള്ള ബോർഡുകൾക്ക് കീഴിലോ നിൽക്കരുത്.

- ഇടിമിന്നലുള്ളപ്പോൾ ടെറസിലോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കുന്നത് ഒഴിവാക്കുക; ഗൃഹോപകരണങ്ങളുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുക.

- മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കുകയോ പരമാവധി നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണ്.

- നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ജലാശയങ്ങളിൽ ഇറങ്ങരുത്.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ശ്രദ്ധിക്കുക

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ സേനകളും കൺട്രോൾ റൂമുകൾ തുറന്ന് സജ്ജമായിരിക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും അഗ്നിരക്ഷാ സേനയും ഏകോപിതമായി പ്രവർത്തിക്കാനും നിർദേശമുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News