Enter your Email Address to subscribe to our newsletters

Nagpur, 20 ഒക്റ്റോബര് (H.S.)
നാഗ്പൂർ: ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള തെരുവ് പ്രതിഷേധങ്ങളിലൂടെ രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനാകില്ലെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വാർഷിക വിജയദശമി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത സാമൂഹിക ഘടനയെയും സാംസ്കാരിക മൂല്യങ്ങളെയും തകർക്കാനുള്ള പാശ്ചാത്യ ആശയങ്ങളുടെ കടന്നുകയറ്റമാണ് പലയിടങ്ങളിലും അരങ്ങേറുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഫ്രാൻസ്, ബംഗ്ലാദേശ്, അൽബേനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സമീപകാല സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത്, ഇത്തരം പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളുടെ സ്വാധീനമുണ്ടെന്നും സ്വാർത്ഥ താല്പര്യങ്ങൾക്കായി ഭരണ അട്ടിമറികൾ സൃഷ്ടിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി.
ഭരണമാറ്റം കൊണ്ട് മാത്രം അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയുടെ വളർച്ചയെ തടസ്സപ്പെടുത്താൻ ചില ബാഹ്യ അജണ്ടകൾ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളടക്കം രാജ്യത്ത് വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് സർസംഘചാലകിന്റെ ഈ പ്രസ്താവന. കേന്ദ്ര സർക്കാരിനും ബിജെപിക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമരങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും വിധ്വംസക ശക്തികളുമുണ്ടെന്ന ഭരണപക്ഷ വാദങ്ങൾക്ക് അടിവരയിടുന്നതാണ് ഭാഗവതിന്റെ വാക്കുകൾ. എന്നാൽ, നീറ്റ് പരീക്ഷാ വിവാദങ്ങളുടെ ഘട്ടത്തിൽ വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ആർഎസ്എസ്, നിലവിലെ തെരുവ് പ്രക്ഷോഭങ്ങളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാഷ്ട്രീയ തലത്തിലും ശ്രദ്ധേയമാകുന്നുണ്ട്.
യുവതലമുറയെ സ്വാധീനിക്കുന്ന ഒടിടി (OTT) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളിൽ സർക്കാർ തലത്തിൽ കർശന നിയന്ത്രണം അനിവാര്യമാണെന്നും പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, അടിയന്തര സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റ് ക്യാപ്റ്റൻ സോയ അഗർവാളിനെയും സഹപ്രവർത്തകരെയും ആർഎസ്എസ് മേധാവി പ്രസംഗത്തിനിടെ പ്രത്യേകം അഭിനന്ദിച്ചു.
---------------
Hindusthan Samachar / Roshith K