പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; വിമാനത്തിലെ വീഡിയോ പങ്കുവെച്ച് ബിജെപി, രാഷ്ട്രീയ വിവാദം കത്തുന്നു
Newdelhi , 20 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളാൽ പ്രക്ഷുബ്ധമായി നിൽക്കെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി പുതിയ രാഷ്ട്രീയ പോര്. രാഹുൽ ഗാന്ധി വിദേശത്തേക്ക് യാത്ര തിര
പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; വിമാനത്തിലെ വീഡിയോ പങ്കുവെച്ച് ബിജെപി, രാഷ്ട്രീയ വിവാദം കത്തുന്നു


Newdelhi , 20 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളാൽ പ്രക്ഷുബ്ധമായി നിൽക്കെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി പുതിയ രാഷ്ട്രീയ പോര്. രാഹുൽ ഗാന്ധി വിദേശത്തേക്ക് യാത്ര തിരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ബിജെപി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടതോടെയാണ് വിഷയം വീണ്ടും ദേശീയതലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്.

സഹയാത്രികരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിയറ്റ്നാമിലേക്കുള്ള വിമാനത്തിലെ ബിസിനസ് ക്ലാസിൽ രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹനോയിയിലേക്കാണ് അദ്ദേഹം യാത്ര തിരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷമായ പരിഹാസവും വിമർശനവുമായാണ് ഭരണകക്ഷി രംഗത്തെത്തിയത്. കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു, ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങി വരാം എന്ന കുറിപ്പോടെയാണ് ബിജെപി ഹാൻഡിലുകൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും രാജ്യത്ത് വിവാദങ്ങൾ സൃഷ്ടിച്ച് വിദേശത്തേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നതാണ് രാഹുലിന്റെ രീതിയെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയും ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ യാത്ര എന്നത് രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ കൃത്രിമത്വവും വോട്ട് ചോർച്ചയും ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഷയത്തിൽ പ്രതിപക്ഷം സുപ്രീം കോടതി മാർച്ച് അടക്കമുള്ള തുടർ സമരപരിപാടികളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ട നേതാവ് തന്നെ രാജ്യം വിട്ടത് ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണ്.

അതേസമയം, രാഹുൽ ഗാന്ധിയുടെ യാത്രയുടെ ലക്ഷ്യമോ കാരണങ്ങളോ വ്യക്തമാക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് സ്വകാര്യ സന്ദർശനമാണോ അതോ ഏതെങ്കിലും അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കാൻ ഉള്ളതാണോ എന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ഇതിനുമുമ്പും നിർണായക രാഷ്ട്രീയ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് വേളകളിലും രാഹുൽ നടത്തിയ വിദേശയാത്രകൾ ബിജെപി വലിയ തോതിൽ പ്രചാരണ വിഷയമാക്കിയിരുന്നു. വരും ദിവസങ്ങളിലും പാർലമെന്റിന് അകത്തും പുറത്തും ഈ വിദേശയാത്ര പുതിയ വാക്പോരുകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News