Enter your Email Address to subscribe to our newsletters

Newdelhi , 21 ഒക്റ്റോബര് (H.S.)
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ - എക്സാലോജിക് (മാസപ്പടി) കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായക ദിനം. കേസിൽ വിജിലൻസ് അന്വേഷണവും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുമുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കേസിൻ്റെ പ്രാധാന്യവും സംവേദനക്ഷമതയും കണക്കിലെടുത്ത്, ദസറ അവധിക്കാലത്ത് വാദം കേൾക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ഹർജി പട്ടികപ്പെടുത്തുകയും ചെയ്തിരുന്നു. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന രണ്ടംഗ ജഡ്ജിമാരുടെ അവധിക്കാല ബെഞ്ചാണ് പിണറായിയുടെ ഹർജി പരിഗണിക്കുന്നത്.
ടി. വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവർ നൽകിയ ഹർജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഒക്ടോബർ 16നാണ് പിണറായി, മകൾ വീണ, ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവർ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ആദായനികുതി ഇടക്കാല സെറ്റിൽമെൻ്റ് ബോർഡിൻ്റെ നിരീക്ഷണങ്ങൾ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്നും ക്വിഡ് പ്രോ ക്വോ സ്ഥാപിച്ചിട്ടില്ലെന്നും വാദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പിണറായിയുടെ ഹർജിയിലെ ആവശ്യം.
മാസപ്പടി കേസ്
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ്റെ മകൾ വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിന് അനധികൃതമായി പണം ലഭിച്ചു എന്നതാണ് പിണറായി വിജയനെതിരെ നിലവിലുള്ള കേസ്. ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് പുറത്തുവിട്ട വിവരങ്ങളിലൂടെയാണ് മാസപ്പടി വിവാദം ആദ്യം പുറത്തുവന്നത്.
യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ. ഇതിന് പിന്നാലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കേസ് ഏറ്റെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എസ്എഫ്ഐഒ അന്വേഷണത്തിന് പുറമെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ നിയമപോരാട്ടം ശക്തമാക്കുന്നത്. കേസിൽ മുതിർന്ന നേതാവായ പിണറായി വിജയനെതിരെയുള്ള അന്വേഷണവും അറസ്റ്റ് സാധ്യതയും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ ഹർജി എത്രയും വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR