ഗുരുവായൂർ ക്ഷേത്രദർശനത്തിന് നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ; ബുക്കിങ്ങിന് 25 രൂപ ഫീസ്
Thrissur, 21 ഒക്റ്റോബര്‍ (H.S.) ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ
Guruvayur temple


Thrissur, 21 ഒക്റ്റോബര്‍ (H.S.)

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത് വരും മാസം മുതൽ എല്ലാ ദിവസങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനായി ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനാവശ്യ ബുക്കിങ് തടയാനായി 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും വ്യക്തമാക്കി. ഒരു ബുക്കിങ്ങിൽ 1 മുതൽ 6 അംഗങ്ങൾ വരെയുള്ള ഭക്തർക്ക് ഒന്നിച്ച് ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും.

സ്ലോട്ടുകളും നിയന്ത്രണങ്ങളും

പൊതു അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളായും വൈകീട്ട് 2 സ്ലോട്ടുകളായും ആകെ 8 സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും. ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ വെർച്വൽ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. അത്തരം ദിവസങ്ങളിൽ വൈകീട്ട് 4-നും 5-നുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം.

ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഓൺലൈൻ വഴിയാക്കുന്ന കാര്യം ഭരണസമിതിയുടെ ആലോചനയിലുണ്ട്. കൂടാതെ, കലാപരിപാടികൾക്കായി ക്ഷേത്രത്തിലെ ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നതും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News