Enter your Email Address to subscribe to our newsletters

Newdelhi , 21 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: 2029 ഡിസംബർ 31-നകം ഇന്ത്യയെ പൂർണ്ണമായും ലഹരിമുക്ത രാജ്യമാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ലഹരിമരുന്ന് വിപത്ത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ഭാവിയെയും ഗുരുതരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ നടന്ന പോലീസ് അനുസ്മരണ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനായി ജീവൻ ബലി നൽകിയ ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ചടങ്ങിൽ പുഷ്പചക്രം അർപ്പിച്ച് ആദരമർപ്പിച്ചു.
രാജ്യം ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. അടുത്ത മൂന്നര വർഷത്തിനുള്ളിൽ ലഹരിമരുന്ന് എന്ന സാമൂഹിക വിപത്തിനെ പൂർണ്ണമായും വേരോടെ പിഴുതെറിയാൻ ആഭ്യന്തര മന്ത്രാലയം കർശന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 2026-ന്റെ ബാക്കി മാസങ്ങളും 2027, 2028, 2029 വർഷങ്ങളും കേന്ദ്രീകരിച്ച് ശക്തവും ഏകോപിതവുമായ നടപടികളാണ് നടപ്പാക്കുക. കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന പോലീസ് വിഭാഗങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ 2029 ഡിസംബറോടെ ലഹരിമുക്ത ഭാരതം എന്ന സ്വപ്നം പൂർണ്ണമായും യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും ആഭ്യന്തര സുരക്ഷ നിലനിർത്തുന്നതിലും കേന്ദ്ര സായുധ പോലീസ് സേനകളും (CAPF) സംസ്ഥാന പോലീസും വഹിച്ച നിർണായക പങ്കിനെ മന്ത്രി പ്രശംസിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വൻ ഭീഷണിയായിരുന്ന കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടത് തീവ്രവാദ മേഖലകൾ (റെഡ് ടെറർ) എന്നീ മൂന്ന് നിർണായക മേഖലകളിലും സമാധാനം പുനഃസ്ഥാപിക്കാൻ സേനകൾക്ക് സാധിച്ചു. കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനായി. വിവിധ സമാധാന കരാറുകളിലൂടെ ആയിരക്കണക്കിന് ആളുകൾ ആയുധം വെച്ചു കീഴടങ്ങിയതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസനത്തിന്റെ പാതയിലാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി പല സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന നക്സൽ ഭീഷണിയെ ഇല്ലാതാക്കാൻ പോലീസ് സേനകൾക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് അക്രമങ്ങൾ തടയുന്നതിലും ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിലും സേനകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അക്രമങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യാതിരുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലും ബിഹാറിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ ഇല്ലാതാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സേനകൾ വലിയ സംഭാവനയാണ് നൽകിയത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള എട്ട് പതിറ്റാണ്ടുകൾ കൊണ്ട് രാജ്യം ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിച്ച ധീര ജവാന്മാരുടെ ത്യാഗമാണെന്നും, ഈ സമർപ്പണമാണ് ഇന്നത്തെ സമാധാനപരമായ ഇന്ത്യയുടെ അടിത്തറയെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2018-ൽ സമർപ്പിച്ച ദേശീയ പോലീസ് സ്മാരകം രാജ്യത്തിന് എന്നും വലിയ പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K