Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 ഒക്റ്റോബര് (H.S.)
അറിവിന്റെയും നന്മയുടെയും പ്രകാശപൂരിതമായ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്ത് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ ഈ സുദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് വിദ്യയുടെ ലോകത്തേക്ക് പടി കയറുന്നത്.
നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് ശുക്ലപക്ഷ ദശമിയിലാണ് ലോകമെമ്പാടുമുള്ള ഹിന്ദു മതവിശ്വാസികൾ ഈ പവിത്ര ദിനം ആചരിക്കുന്നത്. ദുർഗാഷ്ടമി നാളിൽ വീടുകളിലും ക്ഷേത്രങ്ങളിലും പൂജയ്ക്ക് വെച്ച പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിലുപകരണങ്ങളും വിജയദശമി നാളിലെ പൂജയെടുപ്പിന് ശേഷം തിരികെ എടുക്കുന്നു. ഇതിനുശേഷമാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
ദുർഗാദേവി ഒൻപത് രാപ്പകലുകൾ നീണ്ട യുദ്ധത്തിനൊടുവിൽ മഹിഷാസുരൻ എന്ന അസുരനെ വധിച്ചതിൻ്റെ ഓർമ്മപ്പെടുത്തലായാണ് വിജയദശമി ദിനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഐതിഹ്യങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ദിവസം കടന്നുപോകുന്നത്. ഉത്തരേന്ത്യയിൽ ഇത് 'ദസറ' ആയി ആഘോഷിക്കുന്നു.
കേരളത്തിൽ വിജയദശമി നാൾ പ്രധാനമായും വിദ്യയുടെയും അറിവിൻ്റെയും പ്രതീകമായ വിദ്യാരംഭ ചടങ്ങുകൾക്കായാണ് (എഴുത്തിനിരുത്ത്) മാറ്റിവച്ചിരിക്കുന്നത്. ശിശുക്കളുടെ വിദ്യാരംഭം കുറിക്കുന്ന ഈ ചടങ്ങിൽ മൂന്ന് വയസിനും അഞ്ച് വയസിനും മധ്യേ പ്രായമുള്ള കുട്ടികളെ എഴുത്തിനിരുത്തും. ദുർഗാഷ്ടമി നാളിൽ സരസ്വതി ദേവിക്ക് മുന്നിൽ പൂജയ്ക്ക് വയ്ക്കുന്ന പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി ദിവസം രാവിലെ പൂജയെടുക്കുന്നതാണ് ചടങ്ങ്.
ഇന്ന് പുലർച്ചെ നാല് മുതലാണ് വിദ്യാരംഭത്തിന് തുടക്കമായത്. വിദ്യാരംഭത്തിനായുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിലും മണ്ഡപങ്ങളിലും ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായി. ഇന്ന് പുലർച്ചെ മുതൽ ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ ആചാര്യന്മാർ കുട്ടികളെ എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിക്കും.
കുഞ്ഞുങ്ങളെ അറിവിൻ്റെ ലോകത്തേക്ക് ആനയിക്കാൻ ഗുരുക്കന്മാരോ മുതിർന്നവരോ കുട്ടിയുടെ നാവിൽ സ്വർണം കൊണ്ടും അതിനുശേഷം അരിയിലോ മണലിലോ വിരൽ തുമ്പുകൊണ്ടും 'ഹരി ശ്രീ ഗണപതയേ നമ' എന്ന് എഴുതിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നൃത്തം, സംഗീതം തുടങ്ങിയ കലകൾ അഭ്യസിച്ചു തുടങ്ങാനും ഏറ്റവും ഉത്തമമായ ദിവസമായി വിജയദശമിയെ കണക്കാക്കുന്നു.
ആദ്യാക്ഷരം പകർന്ന് മുൻ ഗവർണറും മുഖ്യമന്ത്രിയും
കേരത്തിൻ്റെ മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. വിജയദശമി ദിനത്തിൽ ലോക്ഭവനിൽ സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങിൽ വച്ചാണ് അദ്ദേഹം കുട്ടികളുടെ കൈ പിടിച്ച് ആദ്യാക്ഷരം എഴുതിപ്പിച്ചത്.
മുഖ്യമന്ത്രി വിഡി സതീശൻ തൻ്റെ വസതിയായ പറവൂരിൽ വച്ച് 'എഴുത്തിനിരുത്ത്' ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ കൈ പിടിച്ച് ആദ്യാക്ഷരം എഴുതിപ്പിച്ച് അറിവിൻ്റെ ലോകത്തേക്ക് ആനയിച്ചു.
ഭക്തിസാന്ദ്രമായി പനച്ചിക്കാട് ദക്ഷിണമൂകാംബിക
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിദ്യാരംഭത്തിന് പുലർച്ചെ നാല് മുതൽ തുടക്കം കുറിച്ചു. വിദ്യാമണ്ഡപത്തിൽ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തി തുടങ്ങി. പതിനായിരത്തോളം കുരുന്നുകൾ ക്ഷേത്ര സന്നിധിയിൽ ആദ്യാക്ഷരം കുറിക്കും. അൻപതോളം ആചാര്യന്മാരാണ് കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നത്.
വിദ്യാരംഭനാളിലെ തിരക്ക് നിയന്ത്രിക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നവരാത്രി നാളുകളിലെ അതിപ്രധാന ദിനമായ വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിനും ദർശനത്തിനുമായി നൂറുക്കണക്കിനാളുകളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുക. ദക്ഷിണ മൂകാംബിക പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ വിജയദശമി നാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പടിഞ്ഞാറെ നടയിലെ വലിയ പന്തലിൽ ദർശനം, വിദ്യാരംഭം, ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർ എന്നിങ്ങനെ മൂന്ന് ക്യൂകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ദർശനത്തിനായി എത്തുന്നവർ ആ ക്യൂവിലും വിദ്യാരംഭത്തിനായി എത്തുന്നവർ രസീത് ഇല്ലാത്തപക്ഷം, രസീത് എടുത്ത ശേഷം വിദ്യാമണ്ഡപത്തിലേക്ക് ഉള്ള ക്യൂവിലും പ്രവേശിക്കേണ്ടതാണ്. വിദ്യാരംഭത്തിന് ശേഷം ദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദർശന ക്യൂവിലുള്ളവർക്ക് അതിന് ശേഷം വിദ്യാരംഭത്തിന് എത്താനും സൗകര്യമുണ്ട്.
വിവിധ കൗണ്ടറുകളിൽ നിന്നും എല്ലാ വഴിപാടുകളുടെയും രസീത് ലഭ്യമാകുന്നതാണ്. ദർശനം കഴിഞ്ഞിട്ട് വിദ്യാമണ്ഡപത്തിലേക്ക് എത്താനോ അല്ലെങ്കിൽ വഴിപാടുകൾ നടത്താനോ സൗകര്യമുണ്ട്. ദർശനത്തിനും വിദ്യാരംഭത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും വിദ്യാരംഭത്തിനായി ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുമെന്നും അസി. മാനേജർ കെവി ശ്രീകുമാർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR