Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ഒക്റ്റോബര് (H.S.)
സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി നൽകണമെന്നും ഇതിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് അദ്യർത്ഥിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്ഥാപിച്ചതോടെ മറ്റു സർവകലാശാലകളിൽ വർഷങ്ങളായി നടത്തിവന്നിരുന്ന വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് വിലക്കേർപ്പെടുത്തിയത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആരോഗ്യകരമായ മത്സരസാധ്യത ഇല്ലാതാക്കി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പഠനപരിപാടികൾ പ്രതീക്ഷിച്ച ഗുണനിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്ന ആശങ്കകൾ നിലനിൽക്കുകയാണ്. മറ്റു സർവകലാശാലകൾക്കും വിദൂരവിദ്യാഭ്യാസം നടത്താൻ അവസരം നൽകുന്നത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകയും ഓപ്പൺ സർവകലാശാലയുടേതുൾപ്പെടെ എല്ലാ സർവകലാശാലകളുടെയും അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഓപ്പൺ സർവ്വകലാശാലയിൽ സ്ഥിരം അധ്യാപകരുടെയും സ്ഥിരം ജീവനക്കാരുടെയും അഭാവം ഈ സ്ഥാപനത്തിന്റെ നിലവിലെ അക്കാദമിക് പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നത് കുറയ്ക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനും കൂടുതൽ വൈവിധ്യമാർന്നതും തൊഴിൽസാധ്യതയുള്ളതുമായ കോഴ്സുകൾ കേരളത്തിൽ ആരംഭിക്കേണ്ടതുണ്ട്.
വിദൂരവിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിലൂടെ സർവകലാശാലകളുടെ തനത് വരുമാനം വർധിപ്പിക്കാനും കഴിയും. ഈ അധിക വരുമാനവും സർക്കാർ ധനസഹായവും ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന പഠനപരിപാടികൾ ആരംഭിക്കാനും സാധിക്കും.
അതിനാൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിയമത്തിലെ നിയന്ത്രണ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് എല്ലാ അർഹതയുള്ള സംസ്ഥാന സർവകലാശാലകൾക്കും യു.ജി.സി. മാനദണ്ഡങ്ങൾക്കനുസൃതമായി വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷനും നിവേദനം നൽകി.
---------------
Hindusthan Samachar / Sreejith S