സിഎംആർഎൽ- എക്സാലോജിക് കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും താൽക്കാലിക ആശ്വാസം; അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Newdelhi , 21 ഒക്റ്റോബര് (H.S.) ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ തൈക്കണ്ടിക്കണ്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കും സുപ്രീം കോടതിയിൽ നിന്ന് നിർണായക ഇടക്കാ
CMRL EXALOGIC CASE


Newdelhi , 21 ഒക്റ്റോബര് (H.S.)

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ തൈക്കണ്ടിക്കണ്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കും സുപ്രീം കോടതിയിൽ നിന്ന് നിർണായക ഇടക്കാല ആശ്വാസം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ തുടർ അന്വേഷണ നടപടികൾ സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീൽ നൽകാൻ അവസരമൊരുക്കിക്കൊണ്ടാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഇടപെടൽ. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും, തങ്ങളുടെ അപ്പീൽ ഹർജി തള്ളിയ ഡിവിഷൻ ബെഞ്ച് നടപടി ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയനും കുടുംബവും പരമോന്നത കോടതിയെ സമീപിച്ചത്.

തുടർന്ന്, പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് അപ്പീൽ നൽകാൻ തടസ്സമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീം കോടതി തയാറായിട്ടില്ല.

വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) അധികാര പരിധിയെക്കുറിച്ചും ഇ.ഡി നിർദേശപ്രകാരം അന്വേഷണ ഏജൻസികൾ എഫ്.ഐ.ആർ എടുക്കുന്നതിലെ നിയമവശങ്ങളെക്കുറിച്ചും ഉന്നയിക്കപ്പെട്ട കാര്യങ്ങളിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

എഫ്ഐആർ നിലനിൽക്കും, അന്വേഷണം മുന്നോട്ട് പോകില്ല

എഫ്ഐആർ പൂർണമായി റദ്ദാക്കാൻ തയാറാകാതിരുന്ന കോടതി, എന്നാൽ അപ്പീൽ ഹർജിയിലെ നിയമപരമായ ചോദ്യങ്ങളിൽ തീരുമാനമാകുന്നത് വരെ തുടരന്വേഷണ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു.

എഫ്ഐആർ എന്നത് വ്യക്തികേന്ദ്രീകൃതമല്ല എന്ന രീതിയിലുള്ള സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണത്തോട് സുപ്രീം കോടതി ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചു. 66(2) നോട്ടീസിൻ്റെ അടിസ്ഥാനത്തിലുള്ള എഫ്ഐആറിൽ കൃത്യമായി വ്യക്തികളെ സംശയമുനയിൽ നിർത്തുന്നുണ്ടെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി.

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും വാദം കേള്ക്കാതെയാണ് സിംഗിള് ബെഞ്ച് കേസെടുക്കാന് ഉത്തരവിട്ടതെന്നുമുള്ള ഹര്ജിക്കാരുടെ വാദങ്ങള് കോടതി നികീക്ഷിച്ചു.

സിംഗിള് ബെഞ്ചിൻ്റെ ചില നിലപാടുകളോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കോസ് വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതി ഡിവിഷന് ബെഞ്ചിലേക്ക് തിരിച്ചയയ്ക്കാന് തീരുമാനിച്ചു. എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ ഇഡി പിന്നീട് ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം അറിയിച്ചപ്പോൾ, അതിൻ്റെ സാധുതയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലിൽ നിന്ന് വഴിവിട്ട് പണം ലഭിച്ചെന്ന വിജിലൻസ് അന്വേഷണ ശുപാർശയുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ ഒക്ടോബർ 9-നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അപ്പീൽ തള്ളിയതോടെയാണ് പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്. 82 വയസ്സുള്ള മുതിർന്ന നേതാവിന് അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂഥ്ര വിഷയം അടിയന്തിരമായി വാദത്തിന് എടുത്തത്.

സമാന വിഷയങ്ങളിൽ കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ വിജിലൻസിന് മറ്റ് അന്വേഷണ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News