സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്; ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നേതാക്കൾ
Newdelhi , 21 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ ഇരു നേതാക്കൾക്കുമെതിരെയുള്ള രണ്ട് കേസുകളും
സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്; ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നേതാക്കൾ


Newdelhi , 21 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ ഇരു നേതാക്കൾക്കുമെതിരെയുള്ള രണ്ട് കേസുകളും പ്രത്യേകമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രക്ഷോഭ വേദിയായി മുൻപ് നിശ്ചയിച്ചിരുന്ന ജന്തർ മന്ദിറിലേക്ക് സ്വകാര്യ ഇടങ്ങളിലൂടെ അതിക്രമിച്ചു കയറിയെന്ന കേസ് നേരത്തെ തന്നെ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.

ഡൽഹി പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 13-നാണ് സൗരവ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരടങ്ങുന്ന 14 അംഗ സി.ജെ.പി സംഘം അനുമതിയില്ലാതെ ജന്തർ മന്ദിർ മേഖലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. നിലവിൽ പ്രതിഷേധങ്ങൾക്ക് വിലക്കുള്ള മേഖലയിലേക്ക് സമീപത്തെ സ്വകാര്യ കെട്ടിടങ്ങളിലൂടെ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയും തുടർന്ന് 14 പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യ കേസ് നേരത്തെ തന്നെ ക്രൈംബ്രാഞ്ചിലേക്ക് വിട്ടിരുന്നു. തുടർ അന്വേഷണങ്ങളുടെ ഭാഗമായാണ് ഇപ്പോൾ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് തന്നെ കൈമാറാൻ തീരുമാനിച്ചത്.

സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഒക്ടോബർ 14-ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സൗരവ് ദാസും അശുതോഷ് രങ്കയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആവശ്യമായ ജാമ്യവും ആൾജാമ്യവും (sureties) നൽകിയിട്ടും തങ്ങളെ തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കുന്നത് ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് നേതാക്കൾ കോടതിയിൽ വാദിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) സെക്ഷൻ 126, സെക്ഷൻ 170 എന്നിവ പ്രകാരം ന്യൂഡൽഹി ഡിസ്ട്രിക്റ്റ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഒക്ടോബർ 19-ന് പുറപ്പെടുവിച്ച ഉത്തരവാണ് നേതാക്കൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.

മജിസ്ട്രേറ്റിന്റെ ഉത്തരവ് ഏകപക്ഷീയവും സ്ഥാപിത നിയമ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് നേതാക്കളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. നിയമപ്രകാരമുള്ള എല്ലാ ഉറപ്പുകളും സമർപ്പിച്ചിട്ടും ഒക്ടോബർ 19-ന് നൽകിയ പുതിയ ഷുവറികൾ മജിസ്ട്രേറ്റ് നിരസിക്കുകയായിരുന്നുവെന്നും സമാധാനലംഘനമുണ്ടാകില്ലെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റഡി അനാവശ്യമായി നീട്ടുകയാണെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

ഒക്ടോബർ 10-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എത്തിയപ്പോഴാണ് നേതാക്കളെ പോലീസ് ആദ്യം തടഞ്ഞുവെച്ചത്. തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും 50,000 രൂപയുടെ ബോണ്ടിൽ ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തതും കേസുകൾ രജിസ്റ്റർ ചെയ്തതും. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ വിഷയം കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുകയാണ്. ഹൈക്കോടതി ഹർജി ഉടൻ പരിഗണിക്കുമെന്നാണ് വിവരം.

---------------

Hindusthan Samachar / Roshith K


Latest News