'ഇവർ ജെൻ സി (Gen Z) കുട്ടികളല്ല'; സി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി
Newdelhi , 21 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ (SEM) നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും സമർപ്പിച്ച ഹർജി പരിഗണിക്കവെ
'ഇവർ ജെൻ സി (Gen Z) കുട്ടികളല്ല'; സി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി


Newdelhi , 21 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ (SEM) നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും സമർപ്പിച്ച ഹർജി പരിഗണിക്കവെ രൂക്ഷമായ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. ഹർജിക്കാർ അപക്വമതികളായ 'ജെൻ സി' (Gen Z) പ്രായത്തിലുള്ളവരല്ലെന്നും പ്രായപൂർത്തിയായവരാണെന്നും വ്യക്തമാക്കിയ കോടതി, ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ് സുബ്രമോണിയം പ്രസാദാണ് ഹർജി പരിഗണിച്ചത്.

മുൻപ് സമാധാനാന്തരീക്ഷം തകർക്കില്ലെന്ന ഉറപ്പിൽ ഒപ്പിട്ടുനൽകിയ ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിനെക്കുറിച്ച് കോടതി ഹർജിക്കാരോട് വിശദീകരണം തേടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ബോണ്ട് ലംഘനമുണ്ടായാൽ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ജാമ്യത്തുക കണ്ടുകെട്ടുന്നതും എന്തുക്കൊണ്ട് നടപടിയെടുക്കരുത് എന്ന് വ്യക്തമാക്കാൻ അവസരം നൽകുന്നതും ഇതിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അധികാരികൾ ഇവരോട് തുടക്കത്തിൽ തികഞ്ഞ ഉദാരത കാണിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജിക്കാരുടെ പ്രായം ചോദിച്ചറിഞ്ഞ കോടതി, സൗരവ് ദാസിന് 27 വയസ്സും അശുതോഷ് രങ്കയ്ക്ക് 31 വയസ്സുമുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവർ അപക്വതയുള്ള ജെൻ സി തലമുറയല്ലെന്ന് ഓർമ്മിപ്പിച്ചത്. പൊതുസമാധാനത്തിന് ഭംഗം വരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ഇത്തരം ചോദ്യങ്ങൾ പ്രസക്തമാണെന്നും കോടതി പറഞ്ഞു.

ജനാധിപത്യത്തിൽ പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എങ്കിലും പ്രതിഷേധക്കാർ ആരാണെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും അവർ ജീവിതത്തിൽ എന്തുചെയ്യുന്നുവെന്നും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചു. ഒരു പ്രതിഷേധത്തിന്റെ ലക്ഷ്യം ഭരണം അട്ടിമറിക്കുകയോ മാറ്റുകയോ ചെയ്യുക എന്നതാണെങ്കിൽ, ഒരു ജനാധിപത്യ രാജ്യത്ത് അത് തിരഞ്ഞെടുപ്പിലൂടെയാണ് സംഭവിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരുടെ വ്യക്തിത്വം, ഉദ്ദേശ്യം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്രസർക്കാരിന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾക്കെതിരെയും ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിനാണ് സി.ജെ.പി നേതാക്കളെ ഡൽഹി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കില്ലെന്ന 50,000 രൂപയുടെ ബോണ്ടിൽ ഇവരെ വിട്ടയച്ചിരുന്നു. എന്നാൽ ഒക്ടോബർ 14-ന് പ്രതിഷേധങ്ങൾക്ക് വിലക്കുള്ള ജന്തർ മന്ദിർ പരിസരത്ത് ദേശീയ പതാക വീശി വീണ്ടും പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ ഇവരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുകയും മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് മജിസ്ട്രേറ്റ് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. പിന്നീട് കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്തു.

ആവശ്യമായ ജാമ്യവും ഷുവറികളും സമർപ്പിച്ചിട്ടും മജിസ്ട്രേറ്റ് ഏകപക്ഷീയമായി കസ്റ്റഡി നീട്ടിയെന്നും ബി.എൻ.എസ്.എസ് സെക്ഷൻ 140 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സൗരവ് ദാസും അശുതോഷ് രങ്കയും ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തരമായി രാത്രി തന്നെ ഹർജി പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാദം കേൾക്കുന്നതിനിടെയാണ് പ്രതിഷേധങ്ങളുടെ സ്വഭാവത്തെയും ബോണ്ട് ലംഘനത്തെയും മുൻനിർത്തി നേതാക്കൾക്കെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.

---------------

Hindusthan Samachar / Roshith K


Latest News