സിഎംആർഎൽ–എക്സാലോജിക് ഇടപാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; കൊച്ചിയിൽ ഉന്നതതല യോഗം തുടരുന്നു
Kochi, 22 ഒക്റ്റോബര് (H.S.) കൊച്ചി: വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ എൻഫോഴ്സ്മെന്റ് ഡയറക്ട
സിഎംആർഎൽ–എക്സാലോജിക് ഇടപാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; കൊച്ചിയിൽ ഉന്നതതല യോഗം തുടരുന്നു


Kochi, 22 ഒക്റ്റോബര് (H.S.)

കൊച്ചി: വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി. ചോദ്യം ചെയ്യലിന് മുന്നോടിയായുള്ള ഇഡി ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം കൊച്ചിയിലെ മേഖല ഓഫീസിൽ ഇന്നും തുടരുകയാണ്. ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് യോഗം നടക്കുന്നത്.

കേസിലെ പ്രധാന സാമ്പത്തിക ഇടപാടുകൾ, ഇതുവരെ ലഭിച്ച രേഖകൾ, നേരത്തെ ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്യേണ്ട ചോദ്യാവലിക്ക് അന്തിമ രൂപം നൽകുന്നത്. പ്രതിപക്ഷ നേതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിൽ സ്വീകരിക്കേണ്ട തുടർനടപടികളും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

ഹൈക്കോടതിയിലെ അപ്പീൽ ശക്തമായി എതിർക്കാൻ ഇഡിഇഡി നടപടികൾക്കെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ കോടതിയിലെ തുടർനടപടികളും ഇഡി യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. കോടതിയിൽ നൽകിയിട്ടുള്ള അപ്പീലിനെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടലുകൾ ഉണ്ടായാൽ അത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നും അതിനാൽ തുടർനടപടികൾ തടയരുതെന്നും കോടതിയിൽ വാദിക്കാൻ ഇഡിയുടെ നിയമവിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ. കോടതി നടപടികൾ നിരീക്ഷിച്ച ശേഷം മാത്രം നോട്ടീസ് അയക്കുന്നതടക്കമുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഇഡി നീക്കം.

രാഷ്ട്രീയ പ്രാധാന്യമുള്ള നിർണായക ഘട്ടംനേരത്തെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവിലേക്ക് നേരിട്ട് അന്വേഷണം നീളുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം ആരംഭിച്ചത്.

മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനായുള്ള ഔദ്യോഗിക നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആരംഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / Roshith K


Latest News