Enter your Email Address to subscribe to our newsletters

Riyad , 22 ഒക്റ്റോബര് (H.S.)
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന സിവിലിയൻ കേന്ദ്രങ്ങളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ ആക്രമണം കടുപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും റൂബ് അൽ ഖാലി മരുഭൂമിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെയും നടന്ന വ്യോമാക്രമണങ്ങളിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നു. മേഖലയിൽ സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബങ്ങളോടും ഉടൻ സൗദി വിട്ടുപോകാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.
ദമാം വിമാനത്താവളത്തിന് നേരെ ആക്രമണംസൗദിയിലെ മൂന്നാമത്തെ വലിയ വിമാനത്താവളമായ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു വിദേശി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ദിവസങ്ങൾക്ക് മുമ്പുണ്ടായ ആക്രമണങ്ങളെയും സർവീസ് തടസ്സങ്ങളെയും തുടർന്ന് മലയാളികൾ അടക്കമുള്ള യാത്രക്കാർ നാട്ടിലേക്ക് മടങ്ങാൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ദമാം വിമാനത്താവളത്തെയായിരുന്നു. ദമാമിലും ആക്രമണം ഉണ്ടായത് പ്രവാസി സമൂഹത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ സർവീസുകൾ താത്കാലികമായി വഴിതിരിച്ചുവിടുകയും സുരക്ഷ കർശനമാക്കുകയും ചെയ്തു.
ഷൈബ എണ്ണപ്പാടത്തിന് നേരെ ഡ്രോൺ പതിച്ചുയുഎഇ അതിർത്തിയോട് ചേർന്നുള്ള സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെ തൊടുത്തുവിട്ട ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞെങ്കിലും, തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസികൾ മരണപ്പെട്ടു. നേപ്പാൾ, ഫിലിപ്പീൻസ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്ന് സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഇവിടെ കരാർ കമ്പനി വാഹനത്തിന് തീപിടിക്കുകയും ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ പൗരനും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യക്കാരന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സൗദി അരാംകോയുടെ പ്രതിദിനം പത്തുലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉൽപ്പാദന ശേഷിയുള്ള പ്രധാന എണ്ണപ്പാടമാണ് ഷൈബ.
യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശംവിമാനത്താവളങ്ങളും ജനവാസമേഖലകളും ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടിയന്തര നടപടികളിലേക്ക് കടന്നത്. അത്യാവശ്യ ചുമതലകളില്ലാത്ത ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ ഉത്തരവിറക്കി. ഗൾഫ് മേഖലയിലെ സംഘർഷ സാധ്യതകൾ വലിയ തോതിൽ വർധിച്ചുവരുന്നതായാണ് നയതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സൗദി സഖ്യസേന അതിർത്തി പ്രദേശങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടയിലാണ് ഹൂതികളുടെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K