Enter your Email Address to subscribe to our newsletters

New delhi, 22 ഒക്റ്റോബര്‍ (H.S.)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ രീതിയിലുള്ള നെഗറ്റീവ് രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിന് അടുത്ത 30 വര്‍ഷത്തേക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി 'വോട്ട് മോഷണ' ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
തോല്‍ക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെയും കോടതികളെയും കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തെലങ്കാനയിലും അടക്കം കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
'ഇതേ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അതേ വോട്ടര്‍ പട്ടികയും അതേ വോട്ടിങ് മെഷീനും ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയതും അതില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയതും. അന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് അവര്‍ക്ക് ഒരു പരാതിയുമുണ്ടായിരുന്നില്ല. തെലങ്കാനയില്‍ വിജയിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവര്‍ക്ക് മികച്ചതായിരുന്നു. ഹിമാചല്‍ പ്രദേശിലും അവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടര്‍ പട്ടികയും കുറ്റമറ്റതായിരുന്നു. തമിഴ്‌നാട്ടില്‍, അവര്‍ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍, അവിടുത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടര്‍ പട്ടികയും ശരിയായ രീതിയിലാണെന്ന് അവര്‍ അംഗീകരിച്ചു. എന്നാല്‍ പരാജയപ്പെടുമ്പോള്‍മാത്രം, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിയല്ലെന്ന് അവര്‍ പറയുന്നു. കോടതികള്‍ നിങ്ങള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുമ്പോള്‍ അവ മികച്ചതാണ്. എന്നാല്‍ വിധി എതിരായി വന്നാല്‍, കോടതികള്‍ ശരിയായ കാര്യമല്ല ചെയ്തതെന്ന് ആരോപിക്കുന്നു' അമിത് ഷാ പറഞ്ഞു.
'നിങ്ങള്‍ നെഗറ്റീവ് രാഷ്ട്രീയം തുടരുന്ന രീതി വെച്ചു നോക്കുമ്പോള്‍, 2030-ല്‍ പോലും നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല. നിങ്ങള്‍ വിജയിക്കുന്നിടത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു, എന്നാല്‍ എപ്പോഴൊക്കെ നിങ്ങള്‍ തോല്‍ക്കുന്നുവോ അപ്പോഴൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റക്കാരനാകുന്നു. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുമെങ്കില്‍ ഓര്‍ക്കുക, അടുത്ത 30 വര്‍ഷത്തേക്ക് നിങ്ങളുടെ ഊഴം വരാന്‍ പോകുന്നില്ല' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S