Enter your Email Address to subscribe to our newsletters

Kochi, 22 ഒക്റ്റോബര് (H.S.)
കൊച്ചി: വിവാദമായ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ളതടക്കമുള്ള കേസുകളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നതതല യോഗം കൊച്ചിയിൽ ഇന്നും തുടരുന്നു. ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് യോഗം നടക്കുന്നത്. അതേസമയം, സുപ്രീം കോടതി ഉത്തരവും നിലവിലെ നിയമസഭാ സമ്മേളനവും ചൂണ്ടിക്കാണിച്ച് നാളത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ ഇഡി സമൻസിന് ഇന്ന് മറുപടി നൽകിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അവലോകന യോഗം കൊച്ചി ഓഫീസിൽ ആരംഭിച്ചത്. കൊച്ചി യൂണിറ്റ് അന്വേഷിക്കുന്ന വിവിധ സാമ്പത്തിക കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനിടയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് വരുന്നത്. ഇതിന്റെ വരുംവരായ്കകളും അന്വേഷണത്തിന്റെ ഭാവി നടപടികളും ഇന്നലത്തെ യോഗത്തിൽ വിശദമായി ചർച്ച ചെയ്തിരുന്നു.
സുപ്രീം കോടതി ഉത്തരവും ഇഡിയുടെ വിലയിരുത്തലുംസുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്നലെ വൈകിട്ടോടെയാണ് ലഭ്യമായത്. ഇത് നിയമവിദഗ്ധരുമായി വിശദമായി പരിശോധിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.
നിലവിലെ വിലയിരുത്തലിൽ, സുപ്രീം കോടതി നിർദ്ദേശം ഇഡിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത പ്രാഥമിക അന്വേഷണത്തിന്റെ എഫ്.ഐ.ആർ. മാത്രമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുള്ളതെന്നും, ഇഡിയുടെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിൽ (ECIR) യാതൊരു സ്റ്റേയും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിലവിലെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ യാതൊരു തടസ്സവുമില്ലെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
ഹാജരായില്ലെങ്കിൽ അടുത്ത നീക്കം എന്ത്?നാളെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചാണ് അന്വേഷണ സംഘം പിണറായി വിജയന് സമൻസ് നൽകിയിരുന്നത്. എന്നാൽ നിയമസഭാ സമ്മേളനവും ഒപ്പം കോടതി നടപടികളും നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നാളെ ഹാജരാകാൻ സാധ്യതയില്ല. സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് ഒരാൾ സമൻസിന് മറുപടി നൽകി ഹാജരാകാതിരുന്നാൽ ഒന്നോ രണ്ടോ തവണ കൂടി നോട്ടീസ് നൽകാൻ ഇഡിക്ക് അധികാരമുണ്ട്. അതിനുശേഷവും ഹാജരായില്ലെങ്കിൽ മാത്രമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് ഏജൻസി കടക്കുക.
അതേസമയം, അന്വേഷണ ഏജൻസികൾ അതിരുകടക്കരുതെന്ന് ഇന്നലെ സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. കൂടാതെ വിഷയം ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ച സാഹചര്യത്തിൽ, ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കുമ്പോൾ ഉണ്ടാകുന്ന പരാമർശങ്ങളും കോടതിയുടെ ഇടപെടലുകളും നിരീക്ഷിച്ച ശേഷം മാത്രം കരുതലോടെ തുടർനീക്കങ്ങൾ നടത്താനാണ് ഇഡി ഒരുങ്ങുന്നത്. സിഎംആർഎൽ കേസിലെ നിയമപരമായ വെല്ലുവിളികളും തുടർ തന്ത്രങ്ങളും ഇന്നത്തെ യോഗത്തിലും സമഗ്രമായി ചർച്ച ചെയ്യപ്പെടും.
---------------
Hindusthan Samachar / Roshith K