Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമായ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ, മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെ മറ്റ് ഭൂരിഭാഗം ജില്ലകളിലും യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശ ഭരണകൂടവും ദുരന്തനിവാരണ സേനയും നിർദേശിക്കുന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കർശന നിയന്ത്രണങ്ങളാണ് തീരദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം സുരക്ഷിത തീരങ്ങളിലേക്ക് മടങ്ങിയെത്തണമെന്ന് ഫിഷറീസ് വകുപ്പും തീരദേശ പോലീസും മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികളും ജാഗ്രത പാലിക്കണം.
രാവിലത്തെ റിപ്പോർട്ടുകൾ പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പലയിടങ്ങളിലും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്.
അതേസമയം, പൂജ അവധിക്ക് ശേഷം സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പുനരാരംഭിക്കുകയാണ്. പലയിടങ്ങളിലും മഴ ശക്തമാണെങ്കിലും നിലവിൽ ഒരു ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി. എന്നാൽ മഴയുടെ തീവ്രത കൂടുന്ന സാഹചര്യമുണ്ടായാൽ അതത് ജില്ലാ കളക്ടർമാർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നഗരപ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങൾക്കും മുൻകരുതലുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K