റേഷൻ കാർഡ് ഇ-കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി നൽകണമെന്ന് സംസ്ഥാനം; കേന്ദ്രത്തോട് അഭ്യർത്ഥിച്ച് മന്ത്രി അനൂപ് ജേക്കബ്
Thiruvananthapuram, 23 ഒക്റ്റോബര് (H.S.) സംസ്ഥാനത്തെ റേഷൻ കാർഡ് ഗുണഭോക്താക്കളുടെ ഇ-കെവൈസി (e-KYC) അപ്ഡേഷൻ പൂർത്തിയാക്കാനുള്ള മൂന്ന് മാസത്തെ സമയപരിധി നീട്ടി നൽകണമെന്ന് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പ
ANOOP JACOB REQUEST EKYC


Thiruvananthapuram, 23 ഒക്റ്റോബര് (H.S.)

സംസ്ഥാനത്തെ റേഷൻ കാർഡ് ഗുണഭോക്താക്കളുടെ ഇ-കെവൈസി (e-KYC) അപ്ഡേഷൻ പൂർത്തിയാക്കാനുള്ള മൂന്ന് മാസത്തെ സമയപരിധി നീട്ടി നൽകണമെന്ന് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതോടൊപ്പം, തുടർച്ചയായി ആറ് മാസം റേഷൻ വാങ്ങാത്ത കാർഡുകൾ താൽക്കാലികമായി റദ്ദാക്കുന്ന പുതിയ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്നും മന്ത്രി കേന്ദ്രത്തോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഈ നിർണായക ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിക്ക് അയച്ച കത്തിലാണ് ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ആറ് മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ താൽക്കാലികമായി റദ്ദാക്കുന്നതും തുടർന്ന് അവ പരിശോധിക്കുന്നതും ഈ ഭേദഗതിയിൽ ഉൾപ്പെടുന്നു. കാർഡുകൾ റദ്ദാക്കപ്പെടുന്നതിലൂടെ ഒഴിവുകൾ ഉണ്ടാകുമെന്നും അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഒരു വെയിറ്റിങ് ലിസ്റ്റ് സൂക്ഷിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒഴിവാക്കാൻ കണ്ടെത്തിയ കാർഡുകളെ നിബന്ധനകൾക്ക് വിധേയമാക്കി, സംസ്ഥാനത്തിൻ്റെ മുൻഗണനേതര വിഭാഗത്തിലേക്ക് താൽക്കാലികമായി മാറ്റുകയോ നിലനിർത്തുകയോ ചെയ്യാമെന്ന് അദ്ദേഹം നിർദേശിച്ചു. ഒരു നിശ്ചിത കാലയളവിൽ റേഷൻ കാർഡ് ഉപയോഗിച്ചില്ല എന്ന കാരണത്താൽ മാത്രം നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റ് പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കാനുള്ള അവകാശം എടുത്തുകളയരുതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമായാല് എപ്പോൾ വേണമെങ്കിലും ഭക്ഷ്യധാന്യങ്ങൾ നൽകാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിശ്ചിത കാലയളവിനുള്ളിൽ ഇ-കെവൈസി വഴിയും നേരിട്ടുള്ള പരിശോധന വഴിയും അർഹത പുനർനിർണയിക്കാവുന്നതാണ്. ഗുണഭോക്താവ് അർഹനാണെന്ന് കണ്ടെത്തിയാൽ, അവർക്ക് വീണ്ടും എന്എഫ്എസ്എ പദവി നൽകാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരമൊരു സംവിധാനം അർഹതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കുന്നതിനോടൊപ്പം അർഹരായ ഗുണഭോക്താക്കളെ ചേര്ക്കാനും വഴിയൊരുക്കും. കൂടാതെ എന്എഫ്എസ്എ ആനുകൂല്യങ്ങൾ അർഹരായ ആളുകൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില് ആറ് മാസത്തിലധികമായി റേഷൻ സാധനങ്ങൾ വാങ്ങാത്ത 44,279 മുൻഗണനാ റേഷൻ കാർഡ് ഉടമകളെയാണ് ഇത് ബാധിക്കുക. ഇതിൽ 5,370 മഞ്ഞ കാർഡ് ഉടമകളും 38,909 പിങ്ക് കാർഡ് ഉടമകളും ഉൾപ്പെടുന്നു. ഈ ഗുണഭോക്താക്കൾ ആറുമാസമായി റേഷൻ സാധനങ്ങൾ കൈപ്പറ്റിയിട്ടില്ല എന്നത് അവരെ അർഹതയില്ലാത്തവരാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇവർ എന്തുകൊണ്ട് റേഷൻ വാങ്ങിയില്ല എന്നതിനെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും അതിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ഈ ഘട്ടത്തിൽത്തന്നെ ഇവരെ ഒഴിവാക്കുന്നത് നീതിരഹിതമായേക്കാമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽപ്പെടാത്ത ഏകദേശം 5,62,494 റേഷൻ കാർഡ് ഉടമകൾ ആറുമാസത്തിലേറെയായി റേഷൻ സാധനങ്ങൾ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിൻ്റെ ടൈഡ്-ഓവർ ക്രമീകരണങ്ങൾക്ക് കീഴിൽ ഈ കുടുംബങ്ങൾക്ക് തുടരാനാകും. ബയോമെട്രിക് പരിശോധനയിലൂടെ ആവശ്യമുള്ളപ്പോൾ ഇവർക്ക് ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനങ്ങളോ പ്രകൃതിദുരന്തങ്ങളോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ റേഷൻ കാർഡുകൾ കൈവശമില്ലാത്തത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. അതിനാൽ കാർഡുകൾ നിലനിർത്തുന്നത് ഇത്തരം ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനായി കൊവിഡ്-19 ലോക്ക്ഡൗൺ കാലഘട്ടത്തെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്ത് സാമ്പത്തികമായി ഭേദപ്പെട്ട കുടുംബങ്ങൾക്ക് പോലും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്നുവെന്ന് ഓർമിപ്പിച്ചു. റേഷൻ കാർഡുകളുടെ പുനർപരിശോധനയും നേരിട്ടുള്ള പരിശോധനയും പൂർത്തിയാകുന്നത് വരെ എന്എഫ്എസ്എ, അന്ത്യോദയ അന്ന യോജന (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) എന്നിവയിൽപ്പെട്ട റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് താൽക്കാലികമായി മാറ്റാനോ നിലനിർത്താനോ അനുവദിക്കണമെന്ന് ജേക്കബ് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News