ചിന്നക്കനാലിൽ ആദിവാസി ഭൂമി വൻതോതിൽ കൈയേറി ഏലകൃഷി; വൻകിട മാഫിയകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ
Idukki , 23 ഒക്റ്റോബര് (H.S.) സുന്ദരമായ മലനിരകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കൊണ്ട് ശ്രദ്ധേയമായ ചിന്നക്കനാലിൽ, ആദിവാസികൾക്കും നിർധനരായ തദ്ദേശവാസികൾക്കും അവകാശപ്പെട്ട ഭൂമി വൻകിടക്കാർ വ്യാപകമായി കൈയേറുന്നതായി ഗുരുതര ആരോപണം. റവന്യൂ-വനം വകുപ്പുകളുടെ സം
CHINNAKANAL 301 COLONY


Idukki , 23 ഒക്റ്റോബര് (H.S.)

സുന്ദരമായ മലനിരകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കൊണ്ട് ശ്രദ്ധേയമായ ചിന്നക്കനാലിൽ, ആദിവാസികൾക്കും നിർധനരായ തദ്ദേശവാസികൾക്കും അവകാശപ്പെട്ട ഭൂമി വൻകിടക്കാർ വ്യാപകമായി കൈയേറുന്നതായി ഗുരുതര ആരോപണം. റവന്യൂ-വനം വകുപ്പുകളുടെ സംരക്ഷണയിലോ അർഹരായ പാവപ്പെട്ടവർക്കോ പതിച്ചുനൽകേണ്ട ഭൂമിയാണ് സ്വാധീനശക്തിയുള്ള ഭൂമാഫിയകളുടെയും വൻകിട കർഷകരുടെയും നേതൃത്വത്തിൽ അനധികൃതമായി കൈയേറി ഏലകൃഷി വ്യാപിപ്പിക്കുന്നത്.

വർഷങ്ങളായി ഈ പ്രദേശത്ത് ജീവിക്കുന്ന ആദിവാസി കുടുംബങ്ങളുടെയും സാധാരണക്കാരുടെയും ജീവിതമാർഗ്ഗങ്ങൾ പോലും തടസ്സപ്പെടുത്തിക്കൊണ്ടാണ് ഈ കടന്നുകയറ്റം. നിയമവിരുദ്ധമായി വലിയ തോതിൽ മണ്ണുനിരപ്പാക്കിയും കാടുകൾ വെട്ടിത്തെളിച്ചുമാണ് പുതിയ ഏലത്തോട്ടങ്ങൾ നിർമ്മിക്കുന്നത്. റവന്യൂ-വനം വകുപ്പുകളുടെ ഒത്താശയോടെയാണ് ഇത്തരം കൈയേറ്റങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

ഏലകൃഷി വ്യാപിപ്പിക്കാൻ എത്തുന്നത് വൻകിട കൃഷിക്കാരാണെന്ന് ഉന്നതി നിവാസികൾ പറഞ്ഞു. തുച്ഛമായ തുക നൽകി ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിനെടുക്കുന്നതായും യന്ത്രങ്ങൾ ഉപയോഗിച്ച് നിലമൊരുക്കി കൃഷി വ്യാപിപ്പിക്കുന്നതായും പരാതികൾ ഉയരുന്നു. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ആദിവാസി ഭൂമിയിലെ ഏലകൃഷിയാണ് വിവാദ വിഷയമാകുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം മുതൽ പാട്ടക്കരാറുകളുടെ നിയമസാധുത വരെ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുമ്പോൾ, അധികൃതരുടെ ഇടപെടൽ വൈകുന്നതായും കോളനി നിവാസികൾ ആരോപിക്കുന്നു.

ആദിവാസി ഭൂമിയിൽ സ്വകാര്യ വ്യക്തികളുടെ ഇടപെടൽ

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ 301 കോളനിയിൽ ആദിവാസികളുടെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികൾ കൃഷിക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് പുതിയ വിവാദത്തിന് തുടക്കം. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി തുച്ഛമായ തുക നൽകി പാട്ടത്തിനെടുത്ത് ദീർഘകാലത്തേക്ക് ഏലകൃഷി നടത്തുന്നതായാണ് കോളനി നിവാസികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.

പത്തുമുതൽ ഇരുപതുവർഷം വരെയുള്ള കാലയളവിലേക്ക് ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ, ഇത്തരം ഇടപാടുകൾക്ക് നിയമപരമായ സാധുതയുണ്ടോ, ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള നിബന്ധനകൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. കൃഷി വ്യാപിപ്പിക്കുന്നതിനായി യന്ത്രങ്ങൾ ഉപയോഗിച്ച് ഭൂമി നിരപ്പാക്കുകയും നിലമൊരുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദിവാസി ഭൂമിയിൽ നടക്കുന്ന ഇടപെടലുകളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്.

പരാതി നൽകിയിട്ടും നടപടിയില്ല

ഭൂമിയിലെ അനധികൃത ഇടപെടലുകൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. കലക്ടറേറ്റിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.

'ഉന്നതിക്ക് പുറത്ത് നിന്നും ആളുകളെത്തി സ്ഥലം പരിശോധിക്കുന്നതു മുതലുള്ള നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് നിലമൊരുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അന്നു മുതൽ വില്ലേജ്, പ്രമോട്ടർ, കലക്ടർ, തഹസിൽദാർ തുടങ്ങിയ എല്ലാവരോടും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഹിറ്റാച്ചി ഇവിടെ കൊണ്ടുവന്നാണ് പണികൾ നടത്തിയത്. ഇപ്പോൾ എല്ലാ പണികളും പൂർത്തിയായി. അധികാരികൾ ആരും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും' ഉന്നതി നിവാസി ബിജി പറഞ്ഞു.

ആദിവാസികളുടെ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ കൃഷി നടത്തുന്നതിന് ആവശ്യമായ അനുമതികളുണ്ടോ ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകൾ നിയമപരമാണോ, ഭൂമിയുടെ യഥാർഥ ഉടമസ്ഥാവകാശം ആർക്കാണ് തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ പരിശോധന വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആദിവാസി ഭൂമിയുടെ കൈമാറ്റത്തിനും കൈവശാവകാശത്തിനും ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും കണക്കിലെടുത്ത് അധികൃതർ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ആരോപണങ്ങൾ ശരിയാണെങ്കിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോളനി നിവാസികൾ ആവശ്യപ്പെടുന്നു.

വന്യജീവി സംഘർഷത്തിലും ആശങ്ക

ഏലകൃഷി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിക്ക് ചുറ്റും മുള്ളുവേലികളും ഫെൻസിങ്ങുകളും സ്ഥാപിക്കുന്നതാണ് കോളനി നിവാസികൾ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ ഇത് തടസപ്പെടുത്തുമെന്നും ഇത് മനുഷ്യ–വന്യജീവി സംഘർഷത്തിൻ്റെ തീവ്രത വർധിപ്പിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കിയിലെ മലയോര മേഖലകളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വലിയ സാമൂഹിക പ്രശ്നമായി തുടരുന്നതിനിടെയാണ് ചിന്നക്കനാൽ 301 കോളനിയിൽനിന്ന് ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരപാതകൾക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടി പരിശോധിക്കണമെന്നാണ് ആവശ്യം.

ഭൂമിയുടെ അവകാശം സംരക്ഷിക്കപ്പെടുമോ?

ആദിവാസി ഭൂമിയിലെ സ്വകാര്യ ഇടപെടലുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉപജീവനത്തിൻ്റെയും ഭൂമിയുടെ അവകാശത്തിൻ്റെയും പ്രശ്നം കൂടിയാണ് ഉയർത്തുന്നത്. തലമുറകളായി ഭൂമിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആദിവാസി കുടുംബങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്തമാണ്.

ചിന്നക്കനാൽ 301 കോളനിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ, പാട്ടക്കരാറുകൾ, കൃഷി നടത്തുന്നതിനുള്ള അനുമതികൾ, ഭൂമി ഉപയോഗത്തിൻ്റെ നിയമസാധുത എന്നിവ പരിശോധിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. പരാതികളിൽ അധികൃതർ അന്വേഷണം നടത്തി വസ്തുകൾ പുറത്തുകൊണ്ടുവരുമോ എന്നതാണ് ഇനി അറിയേണ്ടത്.

ആദിവാസികളുടെ ഭൂമിയിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിൽ അത് തടയാനും അർഹമായ അവകാശങ്ങൾ സംരക്ഷിക്കാനും അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. 'വ്യക്തമായ എഗ്രിമെൻ്റോ കരാറുകളോ ഇല്ലാതെ പാട്ട കരാർ രജിസ്റ്റർ ചെയ്യാതെയും വാക്കാൽ ആണ് മാത്രമാണ് കരാർ നടപ്പിലാക്കുന്നത്. വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ നടപടി സ്വികരിക്കുക അസാധ്യമാണ്' എന്ന് ചിന്നക്കനാൽ വില്ലേജ് ഓഫിസർ രഞ്ജിത്ത് പറഞ്ഞു.

ആദിവാസികളുടെ ഭൂമി സംരക്ഷിക്കപ്പെടേണ്ടത് രേഖകളിൽ മാത്രമല്ല, പ്രായോഗികമായും ഉറപ്പാക്കണം. ചിന്നക്കനാൽ 301 കോളനിയിലെ ആരോപണങ്ങളിൽ അധികൃതരുടെ പരിശോധനയും തുടർനടപടികളും ഇനി നിർണായകം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News