Enter your Email Address to subscribe to our newsletters

Kozhikode , 23 ഒക്റ്റോബര് (H.S.)
ഖത്തർ കെഎംസിസി (KMCC) ഓഫീസിൽ നിന്ന് പ്രവാസികളുടെ വിയർപ്പുതുപ്പണമായ കോടികൾ കവർന്ന സംഭവത്തിൽ വൻ ഗൂഢാലോചന നടന്നതായി സംഘടനയ്ക്കുള്ളിൽ തന്നെ ശക്തമായ വിമർശനം. പ്രവാസികളുടെ ക്ഷേധത്തിനായി സ്വരൂപിച്ച പണം തട്ടിയെടുക്കാൻ നാട്ടിൽ നിന്ന് ആസൂത്രിതമായി ആളുകളെ റിക്രൂട്ട് ചെയ്ത് കൊണ്ടുപോവുകയായിരുന്നുവെന്നാണ് കെഎംസിസിയിലെ ചില അംഗങ്ങളുടെ വെളിപ്പെടുത്തൽ.
പണം കൃത്യമായി എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ലോക്കറിന്റെ വിവരങ്ങളും കൃത്യമായി അറിയാവുന്നവരാണ് ഈ കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന സംശയവും ശക്തമാണ്. സംഭവത്തിൽ പങ്കാളികളായ ചിലർ കീഴടങ്ങുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുമ്പോഴും പ്രവാസി സംഘടനയ്ക്കുള്ളിലെ അഴിമതി വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്.
കഴിഞ്ഞ ഒരു വർഷത്തോളമായി കെഎംസിസി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ വലിയ തോതിലുള്ള അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും നിലനിൽക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിലും കർശനമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന പാർട്ടി നേതൃത്വത്തിന്റെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇത് ലീഗ് അണികൾക്കിടയിലും പ്രവാസികൾക്കിടയിലും നേതൃത്വത്തിനെതിരെ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
കൊല്ലം സ്വദേശിയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളുമായ ബാലകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ ദുരൂഹതകൾ സംശയിക്കപ്പെടുകയാണ്. തുടർന്ന് ബോംബെ ഷാജി എന്ന് വിളിക്കുന്ന ഒന്നാം പ്രതിയുടെ ശബ്ദരേഖയും പുറത്തുവന്നതോടെ കൊള്ളയടിക്കപ്പെട്ട കോടികളുടെ കണക്കിലും വലിയ സംശയങ്ങൾ ഉയരുകയാണ്.
ഖത്തർ കെഎംസിസിയുടെ കായിക വിഭാഗം ചുമതലയുള്ള കൺവീനറായ റൊട്ടാന റസാഖിനെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്നു വരുന്നുണ്ട്. ബോംബെ ഷാജിയുടെ ശബ്ദരേഖയിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. കുറ്റകൃത്യം ഖത്തറിലാണ് നടന്നതെന്നതിനാൽ ഖത്തർ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.
സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ അറിവോടെയാണ് കവർച്ച നടന്നതെന്നാണ് സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ട നാസിഫിൻ്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ പരിശോധന ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. സമൂഹമാധ്യമങ്ങളിൽ നേരത്തെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നാസിഫ്, ഗഫൂർ എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
കെഎംസിസിയിലെ സാധാരണക്കാരായ അംഗങ്ങൾ മാസംതോറും സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി അടച്ച തുക ഉപയോഗിച്ച് നാട്ടിൽ നിന്നും ക്വട്ടേഷൻ സംഘങ്ങളെ കൊണ്ടുവന്ന് കവർച്ച നടത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ ഒരാൾ കീഴടങ്ങുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഖത്തറിലുള്ള ചില വ്യവസായി സംഘങ്ങളാണ് ഇതിന പിന്നിൽ എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട ഒരു വ്യക്തി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്തൂവെന്ന് പറയുന്നയാൾ ഖത്തർ കെഎംസിസിയുടെ സംസ്ഥാന സ്പോർട്സ് വിങ്ങിന്റെ കൺവീനറായ റൊട്ടാന റസാഖ് ആണെന്ന് മനസിലാക്കാൻ കഴിയുന്നു. ഇയാൾക്കെതിരെ പാർട്ടി ഇതുവരെ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. മുസ്ലിം ലീഗ് പാർട്ടിയും കെഎംസിസിയും ഇയാൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നുള്ളത് അറിയേണ്ടതുണ്ട്. പാർട്ടി ശക്തമായ നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് നാസിഫ് പറഞ്ഞു.
എന്നാൽ തനിക്ക് സംഭവത്തിൽ ഒരു അറിവുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് റൊട്ടാന റസാഖ് വിശദീകരിക്കുന്നത്. എനിക്ക് നാട്ടിൽ ജീവിക്കാൻ നല്ല ചുറ്റുപാടുണ്ട്. ഈ പണത്തിന്റെ ആവശ്യം എനിക്കില്ല. ആവശ്യത്തിന് സമ്പാദ്യമുള്ള ഞാൻ പിന്നെ എന്തിന് ഈ കളവിന് കൂട്ടുനിൽക്കണം. ഞാൻ അതിന്റെ നിയമവശവും മറ്റും തേടി പോയിക്കൊണ്ടിരിക്കുകയാണ്. റസാഖ് ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഈ ക്വട്ടേഷനും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. നാട്ടിൽ നിന്ന് ആളുകളുടെ പാസ്പോർട്ടും വിസയും ശരിയാക്കി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് മുന്നിലുണ്ട്. നിലവിൽ എഫ്ഐആറിൽ ആറ് പ്രതികളാണ് ഉള്ളതെങ്കിലും കൂടുതൽ ആളുകളിലേക്ക് അന്വേഷണം നീളാൻ സാധ്യതയുണ്ട്. റിമാൻഡിലായ ബാലകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതടക്കം നടപടിക്രമങ്ങൾ തുടരുകയാണെന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ പറഞ്ഞു. അതിനിടെ കേസിൽ പ്രതികളായ മറ്റുള്ളവരിൽ ചിലർ മുൻകൂർ ജാമ്യം നേടാനുള്ള നീക്കത്തിലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR