ആരോഗ്യ മേഖലയെ തകർക്കാൻ ശ്രമം; യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ
Thiruvananthapuram, 23 ഒക്റ്റോബര് (H.S.) ജനകീയമായി മാറിയ ആരോഗ്യ മേഖലയെ ബോധപൂർവം തകർക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും, മേഖലയെ സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവി
M V Govindan


Thiruvananthapuram, 23 ഒക്റ്റോബര് (H.S.)

ജനകീയമായി മാറിയ ആരോഗ്യ മേഖലയെ ബോധപൂർവം തകർക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും, മേഖലയെ സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ജനറിക് മരുന്നുകളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളായി ഒരു മരുന്ന് ഉപയോഗിച്ച് ആരോഗ്യനിലയിൽ വലിയ പുരോഗതി കൈവരിച്ച കുഞ്ഞുങ്ങൾ, പുതിയ രോഗത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ആ കുഞ്ഞുങ്ങളിൽ വർഷങ്ങളായി ഉപയോഗിച്ച മരുന്ന് മാറ്റി മറ്റൊരു മരുന്ന് പ്രയോഗിക്കുമ്പോൾ രക്ഷിതാക്കളും കുടുംബാംഗങ്ങളും ആശങ്കയോടെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി കൃത്യമായ ഉത്തരം നൽകാൻ തയ്യാറാകണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

എസ്എംഎ ബാധിതരായ കുട്ടികളുടെ കാര്യത്തില് രക്ഷിതാക്കളുടെ ആശങ്കയാണ് പരിഹരിക്കേണ്ടത്. ഇത്തരം കാര്യങ്ങള് തുറന്നു കാണിച്ച മുന് ആരോഗ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് ആരോഗ്യ മന്ത്രി നടത്തിയത്. ഇതേ ആരോഗ്യമന്ത്രിയാണ് മുന്പ് പറഞ്ഞത് താന് കൈകാര്യം ചെയ്യുന്ന വകുപ്പിന് നേരേ എല്ലാ സാഹചര്യത്തിലും കല്ലേറ് വരാന് സാധ്യതയുണ്ട്. കഴിഞ്ഞ പത്ത് കൊല്ലം താന്തന്നെ ആ കല്ല് എറിഞ്ഞിട്ടുണ്ടെന്ന്. മുന് ആരോഗ്യമന്ത്രിമാര് പറഞ്ഞതിന് മറുപടി പറയാന് ഇല്ലാതിരിക്കുമ്പോള് അവരെ ചീത്ത പറയുകയാണ് നിലവിലെ ആരോഗ്യമന്ത്രി. വളരെ വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി ഉത്തരം മുട്ടുമ്പോള് കൊഞ്ഞണം കാണിക്കുക എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.

മരുന്നുകളില് ഫോര് ക്ലിനിക്കല് ട്രയല്സ് ഒണ്ലി എന്ന ലേബല് എങ്ങനെ വന്നു, ക്ലിനിക്കല് പരീക്ഷണത്തിനുള്ള മരുന്ന് എന്ന് രേഖപ്പെടുത്തിയ ഈ മരുന്നുകള് എങ്ങനെ ആശുപത്രിയിലെത്തി എന്നതിന് സര്ക്കാര് ഉത്തരം പറയണം. ഇതിനൊരു കുഴപ്പവുമില്ലെന്ന് ഇന്നും വിശദീകരിച്ച മന്ത്രി പിന്നെ എന്തിനാണ് ഈ മരുന്ന് പിന്വലിച്ചത്. രക്ഷിതാക്കളെ തിരിച്ചുവിളിച്ച് മരുന്ന് തിരികെ വാങ്ങാന് എന്തായിരുന്നു ആരോഗ്യവകുപ്പിന് തിടുക്കം എന്നും ഗോവിന്ദന് ചോദിച്ചു.

ഈ മരുന്ന് ബയോഇക്വലന്സ് പരിശോധന പൂര്ത്തീകരിച്ചിട്ടില്ല എന്ന് സര്ക്കാരിനെ എക്സ്പേര്ട്ട് കമ്പനി അറിയിച്ചിരുന്നോ, മെഡിക്കല് സര്വീസ് കോര്പറേഷന് ഈ മരുന്നില് ഗുണപരിശോധന നടത്തിയിട്ടുണ്ടോ എന്നും ഗോവിന്ദന് ചോദിച്ചു

പത്ത് വര്ഷം മുന്പ് എല്ഡിഎഫ് സര്ക്കാര് അധികാരത്തില് വരുമ്പോള് സര്ക്കാര് ആശുപത്രികളില് വരുന്ന രോഗികളുടെ നിരക്ക് 33 ശതമാനം ആയിരുന്നു. 2020 ആയപ്പോഴേക്കും അത് 48 ശതമാനമായി. ജനകീയമായി മാറിയ ആരോഗ്യ മേഖലയെ തകര്ക്കുന്നതിനു വേണ്ടിയുള്ള നടപടിയാണ് യുഡിഎഫ് സര്ക്കാര് ബോധപൂര്വം ശ്രമിക്കുന്നത്. മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുകയാണ് എല്ലാ ആശുപത്രികളിലും. പാരസെറ്റമോള് ഗുളിക പോലും ഇല്ലെന്നതാണ് പൊതുചിത്രം. ചികിത്സാപിഴവും അതിൻ്റെ ഭാഗമായുള്ള മരണവും ഓരോ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഡോക്ടര്മാര് ഉള്പ്പെടെയുള്ള ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി ആരോഗ്യകരമായ അന്തരീക്ഷംതന്നെ അട്ടിമറിച്ചിരിക്കുന്നു. എല്ലാം സ്വകാര്യവല്ക്കരിക്കുക എന്ന യുഡിഎഫിൻ്റെ അജണ്ട ആരോഗ്യമേഖലയിലും നടപ്പാക്കാനാണ് അവര് ശ്രമിക്കുന്നത്.

ആരോഗ്യമേഖലയെ സ്വകാര്യ കുത്തക കമ്പനികള്ക്ക് നല്കാനുള്ള നീക്കമാണ് നടക്കുന്നത്. ആരോഗ്യമേഖലയില് രൂപീകരിച്ച ടാസ്ക് ഫോഴ്സിലെ അംഗങ്ങള് വലിയ അഴിമതി ആരോപണത്തിന് വിധേയരായ വ്യക്തികളാണെന്നും ഗോവിന്ദന് ആരോപിച്ചു. കേരളത്തിൻ്റെ ആരോഗ്യമേഖല തകര്ക്കാന് സ്വകാര്യവല്ക്കരണ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും ഗോവിന്ദന് ആരോപിച്ചു.

കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു

കിഫ്ബിയെ തകർത്ത് കേരള വികസനത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. കേന്ദ്ര ഏജൻസികളുടെ അതേ താത്പര്യമാണ് യുഡിഎഫ് സർക്കാരും നടപ്പാക്കുന്നത്.

നാഷണൽ ഹൈവേ യഥാർഥത്തിൽ ഉണ്ടാവുന്നത് കിഫ്ബിയുടെ 5,580 കോടി രൂപ ചെലവാക്കി കൊണ്ടാണ്. അല്ലെങ്കിൽ നാഷണൽ ഹൈവേ 66 പ്രാവർത്തികമാവില്ലായിരുന്നു. കിഫ്ബിയെ തകർത്ത് കേരളത്തിൻ്റെ വികസനത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ആദ്യം മുതൽ ശ്രമിച്ചത്. അതിനെ അതിജീവിച്ച് കൊണ്ടായിരുന്നു അന്ന് സംസ്ഥാന സർക്കാർ മുന്നോട്ട് പോയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു വാര്ത്താസമ്മേളനത്തില് പറഞ്ഞു.

2134 കോടി രൂപയാണ് വയനാട് തുരങ്കപാതയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. അത് ഏകദേശം നിശ്ചലമായ സ്ഥിതിയിലാണ്. 500 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാഷലിറ്റി ആശുപത്രിയുടെ വികസനവും ഇല്ലാതാവാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സുധാ പിള്ള റിപ്പോർട്ട് എന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത് എന്തെന്നാൽ കിഫ്ബി ഒന്നും തന്നെ മുന്നോട്ട് പോകരുത് എന്നാണ്. അതിൻ്റെ ഭാഗമായി എഴുതി കൊടുക്കുന്ന ഒരു റിപ്പോർട്ടാണ് സുധാ പിള്ളയുടെ ഭാഗമായി ഉണ്ടായിട്ടുള്ളത്.

അവരുടെ റിപ്പോർട്ടിൽ പറയുന്നത് 70,415. 54 കോടി രൂപ ബാധ്യത വരുമെന്നാണ്. ഇതൊന്നും ഒരു പരിശോധനയും നടത്താതെ ആളുകളുടെ കണ്ണില് പൊടിയിടുന്നതിന് വേണ്ടിയുള്ള തികച്ചും തെറ്റായ വാദങ്ങളാണ്. വിപണി വിലയുടെ അഞ്ചിരട്ടി നൽകി കിഫ്ബി ഭൂമി ഏറ്റെടുത്തു എന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

യഥാർഥത്തിൽ ഭൂമി ഏറ്റെടുക്കന്നത് കിഫ്ബി നേരിട്ടല്ല. വിപണി വിലയുടെ അഞ്ചിരട്ടി നൽകി കിഫ്ബി ഏറ്റെടുത്തു എന്ന ആരോപണം തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയർന്ന വിലയും നഷ്ടപരിഹാരവും നൽകി ചട്ടപ്രകാരം മാത്രമാണ് കിഫ്ബി ഭൂമി ഏറ്റെടുക്കുന്നതെന്ന് എം. വി. ഗോവിന്ദൻ വ്യക്തമാക്കി.

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ നടപടിയെ ദുരദ്ദേശ്യത്തോട് കൂടിയാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉൾപ്പെടെ പരാമർശിച്ചത്. ദേശിയ പാതയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ, അതിന് പുറമെ ഏഴ് വൻകിട പദ്ധതികൾക്കായി വിവധ ജില്ലകളിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൻ്റെ വികസനക്കുതിപ്പിന് വലിയ രീതിയില് സഹായം നല്കി മുന്നേറിക്കൊണ്ടിരുന്ന കിഫ്ബിയെ തകര്ക്കാന് ബോധപൂര്വമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നെഹ്റിയന് സോഷ്യലിസ്റ്റ് നയമാണ് പിന്തുടരുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി വി. ഡി. സതീശന് ആസൂത്രണ രംഗത്തുള്ള എല്ലാ പ്രവര്ത്തനങ്ങളും എംപാനല് ചെയ്തുകൊണ്ടിരിക്കുകയാണ്. അതായത് അവര്ക്കിഷ്ടമുള്ള ആള്ക്കാരെ അതിൻ്റെ ഭാഗമാക്കി മാറ്റുന്നു. ഈ നടപടിയിലൂടെ കേരളത്തിൻ്റെ വിഭവശേഷി സംബന്ധിച്ച എല്ലാ വിവരങ്ങളും വിദേശത്തടക്കമുള്ള ഏജന്സികള്ക്ക് കൈമാറപ്പെടുമെന്നും ഗോവിന്ദന് ആരോപിച്ചു. ആസൂത്രണ വിദഗ്ധ സമിതി നിര്വഹിച്ചിരുന്ന ചുമതല എം പാനല് സ്ഥാപനങ്ങള്ക്ക് വിട്ടുകൊടുക്കുന്നതിലൂടെ ആസൂത്രണംതന്നെ പ്രതിസന്ധിയിലാകുകയാണെന്നും ഗോവിന്ദന് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News