Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 ഒക്റ്റോബര്‍ (H.S.)
കേരളത്തിൻ്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ ഇന്ന് ചുമതലയേൽക്കും. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം കേരളത്തിൻ്റെ 29-ാമത് ഗവർണറായി എത്തുന്നത്.
ഉച്ചയ്ക്ക് 12:30-ഓടെ ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരും.
ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി അദ്ദേഹം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഓംപ്രകാശ് മാഥൂർ. തമിഴ്നാട് ഗവർണറായി സ്ഥലംമാറിയ പോയ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ലോക്ഭവനില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ ഓംപ്രകാശ് മാഥുറിനെ മുഖ്യമന്ത്രി വിഡി സതീശൻ്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയര്‍ വിവി രാജേഷ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം തമിഴ്നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന സര്‍ക്കാര്‍ യാത്രയയപ്പ് നല്കി. സ്ഥാനമൊഴിയുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വിഡി സതീശന് ആദരിച്ചു. സര്‍ക്കാരിന് ആര്‍ലേക്കറുമായി ഊഷ്മള ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കറെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ചടങ്ങില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
രാജസ്ഥാനിലെ പാലി സ്വദേശിയായ ഓംപ്രകാശ് മാതൂര്‍ 1972ല്‍ ആര്‍എസ്എസ് പ്രചാരകനായാണ് പൊതുരംഗത്ത് പ്രവേശിച്ചത്. പിന്നീട് രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷനായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയതലങ്ങളിലെ വിവിധ പദവികളും അദ്ദേഹം വഹിച്ചു. സിക്കിം ഗവര്‍ണറായി 2024 ജൂലൈയിലാണ് അദ്ദേഹം നിയമിതനായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR