ജപ്തി നടപടികൾ പുനരാരംഭിച്ച് ബാങ്കുകൾ: വയനാടൻ കുടിയേറ്റ കർഷകർ കടുത്ത പ്രതിസന്ധിയിൽ
Wayanad , 23 ഒക്റ്റോബര് (H.S.) കർഷക പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ജപ്തി നടപടികൾ ബാങ്കുകൾ വീണ്ടും പുനരാരംഭിച്ചതോടെ വയനാട്ടിലെ കുടിയേറ്റ മേഖലയിലെ കർഷകർ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാകുന്നു. തുടർച്ചയായ വരൾച്ച, കാലാവസ്ഥാ വ്യതിയാനം, ഉൽപ
FARMERS CONDITION WAYANAD


Wayanad , 23 ഒക്റ്റോബര് (H.S.)

കർഷക പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ജപ്തി നടപടികൾ ബാങ്കുകൾ വീണ്ടും പുനരാരംഭിച്ചതോടെ വയനാട്ടിലെ കുടിയേറ്റ മേഖലയിലെ കർഷകർ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാകുന്നു. തുടർച്ചയായ വരൾച്ച, കാലാവസ്ഥാ വ്യതിയാനം, ഉൽപ്പാദനക്കുറവ്, കാർഷിക വിളകളുടെ വിലയിടിവ് എന്നിവ മൂലം വായ്പാ തിരിച്ചടവ് മുടങ്ങിയ കർഷകരുടെ വീടുകളും കൃഷിഭൂമിയും പിടിച്ചെടുക്കാനുള്ള നടപടികളുമായാണ് ബാങ്കുകൾ മുന്നോട്ടുപോകുന്നത്.

ദേശസാത്കൃത ബാങ്കുകളും സഹകരണ ബാങ്കുകളും ഒരുപോലെ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചതോടെ ജില്ലയിലെ നൂറുകണക്കിന് കർഷക കുടുംബങ്ങളാണ് തെരുവിലാകുമെന്ന ഭീതിയിലായിരിക്കുന്നത്. സർഫാസി (SARFAESI) നിയമം ഉൾപ്പെടെ ചുമത്തി ബാങ്കുകൾ നോട്ടീസ് അയച്ചുതുടങ്ങിയതോടെ മലയോര മേഖലയിൽ വീണ്ടും കർഷക രോഷം പുകയുകയാണ്.

കടുത്ത കടക്കെണിയിൽ വലയുന്ന തങ്ങളെ സഹായിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നും, ജപ്തി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രാദേശിക കർഷക സംഘടനകൾ.

വിളവെടുപ്പ് സമയംവരെ സാവകാശം തേടിയിട്ടും കോടതി ഉത്തരവുകളുമായി ബാങ്കുകൾ കർഷകരെ കുടിയിറക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തുടർച്ചയായ വരൾച്ചയും കാർഷിക പ്രതിസന്ധിയും മൂലം വായ്പാ തിരിച്ചടവ് മുടങ്ങിയ കർഷകരുടെ നേരെ വീണ്ടും ജപ്തി വാളോങ്ങിയിരിക്കുകയാണ് ബാങ്കുകൾ. കൃഷി ആവശ്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി എടുത്ത വായ്പകളിലാണ് തിരിച്ചടവ് മുടങ്ങിയത്.

വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം പലിശയടച്ചിട്ടും വീണ്ടും വൻ കുടിശിക അടയ്ക്കാനുണ്ടെന്ന് ആവശ്യപ്പെട്ടാണ് ബാങ്കുകൾ കർഷകരെ ദ്രോഹിക്കുന്നത്. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം അഞ്ഞൂറോളം കർഷകരാണ് ഇപ്പോൾ ജപ്തി ഭീഷണി നേരിടുന്നത്. ഇതിനോടകം പലരുടെയും വീടുകൾക്ക് മുന്നിൽ ബാങ്കുകൾ ജപ്തി ബോർഡ് സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞു. വിളവെടുപ്പ് സമയംവരെ കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ ബാങ്കുകളെ സമീപിച്ചിരുന്നെങ്കിലും ദേശസാത്കൃത ബാങ്കുകൾ സർഫാസി ആക്ട് ഉപയോഗിച്ച് കോടതികളിൽ കേസ് ഫയൽ ചെയ്യുകയാണ്.

സാവകാശം പോലും നൽകാതെയാണ് പലയിടത്തും ബാങ്കുകളുടെ നടപടി. മുൻകാലങ്ങളിൽ ജപ്തിയുമായി എത്തുന്ന അധികൃതരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിരോധിച്ചിരുന്നെങ്കിലും, നിലവിൽ കോടതി ഉത്തരവുകളുമായി എത്തുമ്പോൾ നിയമനടപടി ഭയന്ന് സംഘടനകളും പിൻവാങ്ങുന്ന അവസ്ഥയാണുള്ളത്. ഇത് മുതലെടുത്താണ് ബാങ്കുകൾ കർഷകരെ കുടിയിറക്കാൻ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കര്ഷകര്ക്കെതിരെ ധനകര്യ സ്ഥാപനങ്ങള് വാളെടുക്കുകയാണെന്ന് പഞ്ചായത്ത് പ്രതിനിധി പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുടെ അന്യായ പണം പിരിവിനെതിരെ പ്രതിഷേധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബാങ്കുകളില് പോകുമ്പോള് വായ്പ തിരിച്ചടയ്ക്കാനുള്ള പണം പിരിച്ചെടുക്കുന്നതിനായി ഒരു ബറ്റാലിയന് ആളുകളെ നിയോഗിച്ചിരിക്കുകയാണ്. കര്ഷകരോട് അത്രയും ദാര്ഷ്ട്യത്തോടെയാണ് അവര് സംസാരിക്കുന്നത്. വയനാടിലെ സ്ഥിരം കാഴ്ചയായ ന്യായമായ പലിശയ്ക്ക് അപ്പുറം ലോണിന് ഈടാക്കുന്നതാണ് കര്ഷകരെ വെട്ടിലാക്കുന്നത്. അന്യായമായ ഈ പലിശ പിരിവിനെതിരെ സര്ക്കാര് ഇടപെടണമെന്നാണ് ആവശ്യം. ഭീഷണിപ്പെടുത്തി കര്ഷകനില് നിന്നു പണം പിരിക്കുന്നത് തുടര്ന്നാല് അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കർഷകരെ പ്രതിസന്ധിയിലാക്കുന്ന ബാങ്കുകളുടെ ഈ ക്രൂരമായ ജപ്തി നടപടികൾക്ക് അടിയന്തരമായി തടയിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജപ്തി ഭീഷണി നേരിടുന്ന മുഴുവൻ കർഷകർക്കും അടുത്ത വർഷം ഏപ്രിൽ മാസംവരെ വായ്പാ തിരിച്ചടവിന് സാവകാശം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബാങ്കുകൾക്ക് കർശന നിർദേശം നൽകണമെന്നാണ് കർഷകരുടെ ശക്തമായ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News