കേരള  ഗവര്ണറായി ഓംപ്രകാശ് മാഥൂര് അധികാരമേറ്റു; മുഖ്യമന്ത്രിയടക്കം ചടങ്ങില്
Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.) കേരളത്തിന്റെ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ 29-ാമത് ഗവര്‍ണറാണ് ഓംപ്രകാശ് മാഥൂര്‍. ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്
governor


Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.)

കേരളത്തിന്റെ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ 29-ാമത് ഗവര്‍ണറാണ് ഓംപ്രകാശ് മാഥൂര്‍. ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നിയമന ഉത്തരവ് വായിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. ഹിന്ദിയിലാണ് അദ്ദേഹം സത്യവാചകം ഏറ്റുചൊല്ലിയത്. തമിഴ്നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന രാജേന്ദ്ര ആര്‍ലേക്കറുടെ പിന്‍ഗാമിയായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ലോക്ഭവനില്‍ പ്രത്യേക വിരുന്നും സംഘടിപ്പിച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പായി അദ്ദേഹം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ കോമ്പൗണ്ട് പരിസരത്ത് എത്തിയ പുതിയ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നല്‍കിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സിക്കിം ഗവര്‍ണര്‍ പദവിയിലിരിക്കെയാണ് അദ്ദേഹത്തിന് കേരളത്തിന്റെ ചുമതല ലഭിക്കുന്നത്.

രാജസ്ഥാനിലെ പാലി സ്വദേശിയായ ഓംപ്രകാശ് മാഥൂര്‍ 1972ല്‍ ആര്‍.എസ്.എസ് പ്രചാരകനായാണ് പൊതുരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം രാജസ്ഥാനിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. രണ്ട് തവണ രാജ്യസഭാംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ തലങ്ങളില്‍ വിവിധ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം മികച്ച സംഘാടകന്‍ കൂടിയാണ്.

ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. 2024 ജൂലൈയിലാണ് അദ്ദേഹം സിക്കിം ഗവര്‍ണറായി നിയമിതനായത്. അവിടെ നിന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ഭരണഘടനാ തലവനായി അദ്ദേഹം എത്തുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News