Enter your Email Address to subscribe to our newsletters

Newdelhi, 23 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: ഒരു 'പരാജയപ്പെട്ട ഉൽപ്പന്നം' (Failed Product) വീണ്ടും അവതരിപ്പിക്കുന്നതിനായി കോൺഗ്രസ് രാജ്യത്തിന്റെ അന്തസ്സും നേട്ടങ്ങളും പണയം വെക്കുകയാണെന്ന് രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെയാണ് കോൺഗ്രസിനെയും പ്രതിപക്ഷ രാഷ്ട്രീയ രീതികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. ആശയപരമായ തീവ്രവാദികളായ 'ദിമാഗി നക്സലുകൾ' (മാനസിക നക്സലുകൾ) കോൺഗ്രസിന്റെ ചിന്താഗതിയെ പൂർണ്ണമായും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും, ആരോഗ്യകരമായ പ്രതിപക്ഷമായി പ്രവർത്തിക്കാനുള്ള ശേഷി കോൺഗ്രസിന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ പ്രതിച്ഛായ വിദേശങ്ങളിൽ തകർക്കാൻ ശ്രമംആഗോളതലത്തിൽ വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ലോകത്തിനു മുന്നിൽ ഇന്ത്യ ശക്തവും സ്ഥിരതയുള്ളതുമായ ഒരു മുഖം കാഴ്ചവെക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി ഇന്ത്യയുടെ സൽപ്പേര് വിദേശ രാജ്യങ്ങളിൽ പോയി തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ലോകം പുതിയൊരു ക്രമത്തിനായി തിരയുമ്പോൾ, ചിലർ ഇന്ത്യയിൽ അരാജകത്വം സ്വപ്നം കാണുകയാണ്. രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ തകർക്കാൻ ഇവർ ബോധപൂർവ്വം പ്രവർത്തിക്കുന്നു. വിദേശത്ത് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും അവിടെയുള്ളവരുടെ ഇടപെടലുകൾക്കായി അപേക്ഷിക്കുകയും ചെയ്യുന്നു. തങ്ങളുടെ പരാജയപ്പെട്ട ഉൽപ്പന്നത്തെ വിപണിയിലെത്തിക്കാൻ എത്രകാലം കോൺഗ്രസ് ഈ രാജ്യത്തിന്റെ താൽപ്പര്യങ്ങളെ പണയം വെക്കും? എന്ന് രാഹുൽ ഗാന്ധിയുടെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി ആഞ്ഞടിച്ചു.
കോൺഗ്രസിന്റെ തലച്ചോറ് 'ദിമാഗി നക്സലുകൾ' പിടിച്ചെടുത്തുകോൺഗ്രസിന്റെ ചിന്താശേഷി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ആശയപരമായ തീവ്രവാദികൾ പാർട്ടിയെ വരുതിയിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു. ഒരുകാലത്ത് കാടുകളിൽ നാശനഷ്ടങ്ങൾ വിതച്ചവർ ഇപ്പോൾ കോൺഗ്രസിൽ നുഴഞ്ഞുകയറുകയും രാജ്യത്തിന്റെ സർവ്വനാശത്തിനായി പ്രവർത്തിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാരുടെ ഇടപെടലുകൾ കാരണം പാർലമെന്റിലും പൊതുവേദിയിലും വസ്തുതാപരമായി കാര്യങ്ങൾ സംസാരിക്കുന്ന യഥാർത്ഥ പ്രതിപക്ഷ ശബ്ദങ്ങളെ കോൺഗ്രസ് തങ്ങളുടെ ബഹളങ്ങൾ കൊണ്ട് മുക്കുകയാണെന്നും മോദി പറഞ്ഞു.
കുടുംബ താൽപ്പര്യം രാജ്യനേട്ടങ്ങൾക്ക് മുകളിൽഒരു പ്രത്യേക കുടുംബത്തെയും നേതൃത്വത്തെയും നിരന്തര പരാജയങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കോൺഗ്രസ് രാജ്യത്തിന്റെ നേട്ടങ്ങളെയും പുരോഗതിയെയും പോലും ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സ്വയം തകരാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഒരു കുടുംബത്തിന്റെ പരാജയക്കറ മായ്ക്കാൻ രാജ്യത്തിന്റെ കരുത്തിനെയും നേട്ടങ്ങളെയും അവർ വിചാരണ ചെയ്യുകയാണ്.
പാർട്ടിക്കുള്ളിൽ തന്നെ വലിയ അതൃപ്തി പുകയുന്നുണ്ടെന്നും, മുതിർന്ന പല നേതാക്കളും വ്യക്തിപരമായി കാണുമ്പോൾ തങ്ങളോട് ഈ കാര്യങ്ങൾ തുറന്നുപറയാറുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ അപമാനം സഹിച്ചും അവർ മൗനം പാലിക്കുകയാണെന്നും ഈ കുടുംബം ഇന്ന് കോൺഗ്രസിന് തന്നെ വലിയൊരു ഭാരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് തടസ്സപ്പെടുത്തുന്ന രാഷ്ട്രീയംപാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തെ കോൺഗ്രസ് നിരന്തരം അട്ടിമറിക്കുകയാണെന്നും മോദി ആരോപിച്ചു. സർക്കാരിനെ ചോദ്യം ചെയ്യാനും ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനും ആഗ്രഹിക്കുന്ന നിരവധി യുവ പ്രതിപക്ഷ എം.പിമാരുണ്ട്. എന്നാൽ ഒരു പ്രത്യേക വ്യക്തിയെ മാത്രം ലൈംലൈറ്റിൽ നിർത്താൻ വേണ്ടി കോൺഗ്രസ് സഭാനടപടികൾ തടസ്സപ്പെടുത്തുന്നു. ഇതിലൂടെ മറ്റ് പ്രതിപക്ഷ നേതാക്കളോട് കോൺഗ്രസ് വലിയ അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ ഭരണപരിഷ്കാരങ്ങൾ ആവശ്യപ്പെടുന്ന ന്യായമായ പ്രതിഷേധങ്ങളെപ്പോലും കോൺഗ്രസ് വഴിതിരിച്ചുവിടുകയാണെന്നും മോദി വിമർശിച്ചു.
---------------
Hindusthan Samachar / Roshith K