തമിഴ്നാട്ടില് ശക്തമായി തുടരുന്ന മഴയില് പലയിടത്തും രൂക്ഷമായ മണ്ണിടിച്ചില്.
Chennai , 24 ഒക്റ്റോബര് (H.S.) തമിഴ്നാട്ടില് കനത്ത മഴ തുടരുന്ന സാഹചര്യത്തില് നീലഗിരി ജില്ലയില് കനത്ത നാശനഷ്ടം. മേട്ടുപ്പാളയം–ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും ഉണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിനെത്തുടര്ന്ന് ഗതാതടസ്സം നേരിട്ടു.
OOTY TOURISM RESTRICTIONS


Chennai , 24 ഒക്റ്റോബര് (H.S.)

തമിഴ്നാട്ടില് കനത്ത മഴ തുടരുന്ന സാഹചര്യത്തില് നീലഗിരി ജില്ലയില് കനത്ത നാശനഷ്ടം. മേട്ടുപ്പാളയം–ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും ഉണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിനെത്തുടര്ന്ന് ഗതാതടസ്സം നേരിട്ടു.

കൂനൂരിൽ യാത്രാ ബസിന് മുകളിലേക്ക് വന്തോതില് മണ്ണും പാറയും ഇടിഞ്ഞുവീണ് ഡ്രൈവര് ദാരുണമായി മരിച്ചു. നീലഗിരി സ്വദേശിയായ ജനഗരാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണ്ടക്ടര് കേശവന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.

അപകടസാധ്യത കണക്കിലെടുത്ത് ഒക്ടോബർ 26 വരെ ഊട്ടിയിൽ വിനോദസഞ്ചാരത്തിന് ജില്ലാ കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാല് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.

കുനൂരില് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസിലേക്ക് ബർലിയാർ ഭാഗത്ത് വച്ച് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. ഈ സമയം ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസില് ഉണ്ടായിരുന്നത്. കണ്ടക്ടറെ നീണ്ട പരിശ്രമത്തിനൊടുവില് രക്ഷപ്പെടുത്തി മേട്ടുപ്പാളയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില് ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഡ്രൈവറെയും രക്ഷപ്പെടുത്തി വൈദ്യസഹായം നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മണ്ണിടിച്ചിലിൽ വാഹനം പൂർണമായും മണ്ണിനടിയിലായെന്ന് കണ്ടക്ടർ കേശവൻ പറഞ്ഞു. ഏഴ് യാത്രക്കാരുമായി കൂനൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ്. യാത്രാമധ്യേ ഒരു മരം വീണതിനെത്തുടർന്ന്, യാത്രക്കാരെ സുരക്ഷിതമായ ഒരിടത്ത് ഇറക്കിവിട്ടു. തുടർന്ന് മറ്റൊരു വഴിയിലൂടെ പോകാൻ നിർദേശം ലഭിച്ചു. ആ വഴിയിലൂടെ സഞ്ചരിക്കവെ, വീണ്ടും ഒരു മരം വീണു. പ്രദേശത്ത് ശക്തമായ വെള്ളപ്പൊക്കം ഉണ്ടായതിനാൽ, ബസ് താഴ്ന്ന ഒരു സ്ഥലത്ത് നിർത്തിയിട്ടു. അവിടെയുണ്ടായ മണ്ണിടിച്ചിലിൽ വാഹനം പൂർണമായും മണ്ണിനടിയിലായി അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികള് ഊട്ടിയില് കുടുങ്ങി

ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കേരളത്തിൽ നിന്നുള്ള 150ലധികം വിദ്യാർഥികൾ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങി. മരംവീണ് തകർന്ന ബസിനെ ഒരുവശത്തേക്ക് നീക്കിയശേഷം രക്ഷാപ്രവർത്തകർ കയർ കെട്ടിയാണ് വിദ്യാർഥികളെയും അധ്യാപകരെയും മറുഭാഗത്തേക്ക് എത്തിച്ചത്. നിലവിൽ കിലോമീറ്ററുകൾ നടന്നാണ് ആളുകൾ സുരക്ഷിത സ്ഥാനത്ത് എത്തുന്നത്. ആളുകൾക്ക് ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നൽകുന്നുണ്ട്. സംഭവത്തെ തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് (26 വരെ) വിനോദസഞ്ചാരികൾ ഊട്ടി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

കളക്ടറുടെ പരിശോധന

നീലഗിരി ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടി, കൂനൂർ, കോത്തഗിരി, കുണ്ട, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഇന്നലെ രാത്രി മുതൽ മഴയുടെ തീവ്രത വർധിച്ചു. കൂനൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിൽ ബർലിയാറിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയിലുള്ള വാഹന ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

കോത്തഗിരി-മേട്ടുപ്പാളയം റോഡ് ബദൽ പാതയായി ഉപയോഗിക്കണമെന്ന് അധികൃതര് അറിയിച്ചു. ആവർത്തിച്ചുള്ള ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ, ഹൈവേ ഡിപ്പാർട്ട്മെൻ്റിലെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെയും ഉദ്യോഗസ്ഥർ റോഡുകൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നത് തുടരുന്നു. കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ നീലഗിരി ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ സന്ദര്ശനം നടത്തി.

കൂനൂർ - മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജ്ജപ്പെടുത്തിയിരിക്കുകയാണ്.

സ്കൂളുകൾക്ക് അവധി

കനത്ത മഴയെത്തുടർന്ന് കോയമ്പത്തൂർ, നീലഗിരി ജില്ലകളിലെ ഉദഗമണ്ഡലം, കൂനൂർ, കോത്തഗിരി, കുണ്ട, ഗൂഡല്ലൂർ, പന്തലൂർ എന്നീ ആറ് താലൂക്കുകളിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News