Enter your Email Address to subscribe to our newsletters

Ootty, 24 ഒക്റ്റോബര്‍ (H.S.)
തമിഴിനാട്ടിലെ കനത്ത മഴയില്‍ കുടങ്ങി വിനേദസഞ്ചാരികള്‍. പ്രധാന വിനോഗസഞ്ചാര കേന്ദ്രമായ ഊട്ടി കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ മഴ ശക്തമാണ്. മേട്ടുപ്പാളയം ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയംകോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. സര്‍ക്കാര്‍ ബസിനു മുകളില്‍ മണ്ണും പാറയും വീണ് ഡ്രൈവര്‍ മരിച്ചു. ഊട്ടി ബെട്ടട്ടി കനകരാജ് (50) ആണ് മരിച്ചത്. രാത്രി മുതല്‍ രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂര്‍ റോഡില്‍ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡില്‍ മൂന്നു സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായി. നിലവില്‍ ബസ് മാത്രമാണ് മണ്ണില്‍ കുടുങ്ങിക്കിടക്കുന്നത്. ഒക്ടോബര്‍ 26 വരെ നീലഗിരിയില്‍ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ലക്ഷ്മി ഭവ്യ തന്നീര് അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികളുടെ സംഘം കുടങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ബസിനു മുന്നിലുണ്ടായിരുന്ന പച്ചക്കറി ട്രക്ക് മഴയില്‍ നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്കു മറിഞ്ഞതോടെയാണ് ബസ് സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടത്. പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കോട്ടയം ചിങ്ങവനം പള്ളം ബുക്കാനാ ഗേള്‍സ് ഹൈസ്‌ക്കൂളിലെ 78 കുട്ടികളും 8 അധ്യാപകരും അടങ്ങുന്ന സംഘം ഇന്നലെ രാത്രി 11 മണി മുതല്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മരംവീണ് തകര്‍ന്ന ബസിനെ ഒരുവശത്തേക്ക് നീക്കിയശേഷം രക്ഷാപ്രവര്‍ത്തകര്‍ കയര്‍ കെട്ടിയാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും മറുഭാഗത്തേക്ക് എത്തിച്ചത്. നിലവില്‍ കിലോമീറ്ററുകള്‍ നടന്നാണ് ആളുകള്‍ സുരക്ഷിത സ്ഥാനത്ത് എത്തുന്നത്. ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കുന്നുണ്ട്.
കേരളത്തില്‍ പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ രാത്രി മണിക്കൂറുകള്‍ കുടുങ്ങിയെങ്കിലും പുലര്‍ച്ചയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തില്‍നിന്നു പുറപ്പെട്ടു. കൂനൂര്‍ - മേട്ടുപ്പാളയം കാനന പാതയില്‍ റോഡില്‍ ബര്‍ളിയാറിനും കൂനൂരിനും ഇടയില്‍ വാഹനങ്ങള്‍ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂര്‍ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തില്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജപ്പെടുത്തിയിരിക്കുകയാണ്.
നിലവില്‍ മേട്ടുപ്പാളയത്തുവച്ചുതന്നെ ഊട്ടി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും തടഞ്ഞിരിക്കുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ടു പ്രവേശന കവാടങ്ങളും മാര്‍ഗങ്ങളും സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അടച്ചിട്ടു. ഇന്നും കനത്ത മഴക്കുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഊട്ടിയിലേക്കുള്ള സര്‍ക്കാര്‍ ബസുകള്‍ അടക്കം മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡില്‍ യാത്ര തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. നീലഗിരിയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നത്.
ഒരാഴ്ച മുമ്പ് മഴപെയ്തതിനുശേഷം ഉണ്ടായ മണ്ണിടിച്ചിലുണ്ടായ ബര്‍ലിയാറില്‍ കാറില്‍ യാത്ര ചെയ്തിരുന്ന വിമുക്തഭടന്‍ പാറ വീണ് കൊല്ലപ്പെട്ടിരുന്നു. നിലവില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. ദേശീയപാത അധികൃതര്‍ ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യുന്നുണ്ടെങ്കിലും മണ്ണിടിച്ചിലിനുള്ള സാധ്യത തുടരുകയാണ്.
---------------
Hindusthan Samachar / Sreejith S